ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗം കേരള രാഷ്ട്രീയത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമെന്ന് നേതാക്കൾ. വിഎസിന്റെ സംസ്‌കാര ചടങ്ങുകൾക്ക് പിന്നാലെ വലിയ ചുടുകാടിൽ നടന്ന അനുസ്മരണ യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അധ്യക്ഷനായി. വിഎസ് ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ വലിയ പങ്ക് വഹിച്ച മഹാരഥനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചപ്പോൾ വിഎസ് തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ സൃഷ്ടിയെന്ന് എംഎ ബേബി പറഞ്ഞു.
ഇത്തരത്തിലുള്ളൊരു വിഎസ് ഉണ്ടായത് ചെങ്കൊടി പ്രസ്ഥാനത്തിന്റെ കൊടിക്കീഴിൽ നടത്തിയ സമരപോരാട്ടങ്ങളിലൂടെയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. അടിമകളെപ്പോലെ ജീവിച്ച കർഷകത്തൊഴിലാളികളെ മനുഷ്യരാക്കി മാറ്റി. അങ്ങനെ കർഷകത്തൊഴിലാളികളെ ചെങ്കൊടി പ്രസ്ഥാനത്തിന്റെ അടിസ്ഥാനമാക്കിയത് വിഎസാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളും അപവാദ പ്രചരണങ്ങളും എത്ര നിരർത്ഥകമെന്നത് ഈ സമയം മനസിലാക്കാം. വിഎസ് തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ സൃഷ്ടിയെന്ന് ഓർമ്മിക്കണമെന്നും എംഎ ബേബി പറഞ്ഞു.
ആധുനിക കേരളത്തെ സൃഷ്ടിച്ചെടുത്ത അനേകം മഹാരഥന്മാരിൽ ഒരാളാണ് വിഎസ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അനുസ്മരണം. കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ ദൗത്യം ഏറ്റെടുത്തു പോയ വിഎസ് കൃഷ്ണപിള്ളയുടെ നിർദേശം ഭംഗിയായി നിറവേറ്റി. എല്ലാ കാലഘട്ടത്തിലും തൊഴിലാളി വർഗ താൽപര്യം ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തിന്റെ പ്രതിപക്ഷ നേതൃസ്ഥാനത്ത് അദ്ദേഹത്തിന്റെ പ്രവർത്തനം കേരളം സജീവമായി ചർച്ച ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.









