ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ വഖ്ഫ് ഭേദഗതി നിയമo കൊണ്ടു വന്നതെന്നും ഇതിൽ പ്രതിഷേധിച്ച് ഒക്ടോ.മൂന്നിന് ബന്ദ് നടത്തുമെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് പത്രക്കുറിപ്പിൽ അറിയിച്ചു.
രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ബന്ദ്. മുസ്‌ലിംകള്‍ സ്ഥാപനങ്ങളും ഓഫിസുകളും അടച്ച് പ്രതിഷേധിക്കണമെന്ന് ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. മെഡിക്കല്‍ ഷോപ്പ് ഒഴിച്ചുള്ള സ്ഥാപനങ്ങള്‍ അടച്ച് പ്രതിഷേധിക്കണമെന്നാണ് ആവശ്യം. വഖ്ഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് നല്‍കിയ ഹരജികളില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല വിധിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് പുതിയ സമരത്തിനുള്ള തീരുമാനമെടുത്തത്. സമുദായത്തിന്റെ പ്രതിഷേധം രേഖപ്പെടുത്താനാണ് ബന്ദെന്നും ഇതര സമുദായങ്ങളെ സമ്മര്‍ദ്ദപ്പെടുത്തി ബന്ദില്‍ പങ്കുചേരിപ്പിക്കരുതെന്നും ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. ഇതരസമുദായങ്ങള്‍ക്ക് ബന്ദില്‍ പങ്കുചേര്‍ന്ന് പിന്തുണ പ്രഖ്യാപിക്കണമെന്നും ബോര്‍ഡ് അഭ്യർത്ഥിച്ചു









