വഖഫ് ബിൽ; മുസ്ലീങ്ങൾ ഈ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ഭൂരിപക്ഷ ജനതയെ കൊണ്ട് ചിന്തിപ്പിക്കുന്ന വിഭജന തന്ത്രമെന്ന് കെ രാധാകൃഷ്ണൻ എംപി

 

 

മുസ്ലീങ്ങൾ ഈ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ഭൂരിപക്ഷ ജനതയെ കൊണ്ട് ചിന്തിപ്പിക്കുന്ന വിഭജന തന്ത്രമാണ് വഖഫ് ബില്ലിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നതെന്ന് കെ രാധാകൃഷ്ണൻ എംപി ലോക്സഭയിൽ പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിനെ എതിർത്ത് സിപിഐഎം കക്ഷി നേതാവ് കെ രാധാകൃഷ്ണൻ എംപി ലോക്സഭയിൽ മലയാളത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

 

പ്രസംഗത്തിന്റെ പൂർണ രൂപം:

 

‘ ന്യൂനപക്ഷ മന്ത്രി പറഞ്ഞ പോലെ വഖഫ് ബിൽ കൊണ്ടുവരുന്നത് മുസ്ലിം വിഭാഗത്തിലെ പാവപെട്ടവർക്ക് വേണ്ടിയോ കുട്ടികൾക്ക് വേണ്ടിയോ സ്ത്രീകൾക്ക് വേണ്ടിയോ അല്ല.

മുസ്ലീങ്ങൾ ഈ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ഭൂരിപക്ഷ ജനതയെ കൊണ്ട് ചിന്തിപ്പിക്കുക എന്ന വിഭജന തന്ത്രം ഈ ബില്ലിന് പിന്നിൽ ഒളിഞ്ഞിരുക്കുന്നുണ്ടെന്ന യാഥാർത്ഥ്യം പറയാതെ പോകരുത്.

ന്യൂനപക്ഷത്തിലെ പാവപ്പെട്ട കുട്ടികളെ സംരക്ഷിക്കാൻ ഈ ഗവൺമെന്റിന് താത്പര്യമുണ്ടെങ്കിൽ ആദ്യം മൈനോരിറ്റി സ്‌കോളർഷിപ്പ് പുനസ്ഥാപിക്കുകയാണ് വേണ്ടത്. ഒരോ വർഷവും മൈനോരിറ്റി സ്‌കോളർഷിപ്പ് കുറയ്ക്കുകയാണ്. ലക്ഷ്യം മുസ്ലീം കുട്ടികളുടെ വളർച്ചയല്ല. തകർച്ച തന്നെയാണ്.

ബിൽ വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ഭരണഘടനയുടെ ലംഘനമാണ്. ഭരണഘടന ഉറപ്പുൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്ലിം സമൂഹത്തിന്റ അവകാശങ്ങൾ ദുർബലപ്പെടുത്താനും മതപരമായ കാര്യങ്ങളിൽ സർക്കാർ അതിക്രമിച്ചു കടക്കുന്ന അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കാനും ബിൽ ഉദ്ദേശിക്കുന്നു. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തുന്നത് മുസ്ലിം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തിന് മേലുള്ള കടന്നുകയറ്റമാണ്. മറ്റ് മതങ്ങളോട് നിങ്ങൾ ഈ സമീപനം സ്വീകരിക്കുമോ..?

കേരളത്തിൽ ദേവസ്വം ബോർഡുണ്ട്. ഒരിക്കൽ കേരളം ദേവസ്വം ബോർഡിൽ ഒരു മെംബറുടെ പേര് കൃസ്ത്യൻ പേരുമായി സാമ്യം വന്നു. അത് കൃസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം കേരളത്തിലുണ്ടായി. 1987ൽ അന്ന് ഹിന്ദുക്കളുടെ ക്ഷേത്രം ഹിന്ദുകൾക്ക് വിട്ടുനൽകണമെന്ന് പറഞ്ഞു അവർ വലിയ സമരം നടത്തി.

ഒരോ മതവിഭാഗത്തിനും അവരുടെ താത്പര്യം സംരക്ഷിക്കാൻ അവസരം ഉണ്ടാവണം. മുസ്ലീങ്ങളെ ഒറ്റപ്പെടുത്താനുള്ള ഈ ശ്രമത്തിനെതിരെ നമ്മുടെ നാട് ഉണർന്ന് പ്രവർത്തിക്കണം.

 

ബില്ലിനെ അനുകൂലിക്കുന്നവർക്ക് വേണ്ടി മാർട്ടിൻ നീമോളറുടെ കവിത ഓർമ്മിപ്പിക്കാം.

 

ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു

ഞാൻ ഒന്നും മിണ്ടിയില്ല.

കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു

പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു.

അപ്പോഴും ഞാനൊന്നും മിണ്ടിയില്ല

കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല.

പിന്നീട് അവർ ജൂതരെ തേടി വന്നു ഞാനൊന്നും മിണ്ടിയില്ല

കാരണം ഞാനൊരു ജൂതനായിരുന്നില്ല.

ഒടുവിൽ അവർ എന്നെ തേടി വന്നു അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല…

 

ഈ ബില്ലിനെ അനുകൂലിക്കുന്നവർക്ക് ഭാവിയിൽ ആരും ഇല്ലാത്ത അവസ്ഥയുണ്ടാവാതിരിക്കാൻ നമ്മൾ മുൻകരുതൽ എടുക്കണം. ‘

Top News from last week.

Latest News

More from this section