വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 4 ജില്ലകളിൽ റെഡ് അലർട്ട്; തീരദേശത്ത് ജാഗ്രതാ നിർദ്ദേശം


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ വരും മണിക്കൂറുകളിൽ പ്രളയസമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 4 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും ശേഷിക്കുന്ന ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലവിലുള്ളത്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അന്തരീക്ഷ വ്യതിയാനങ്ങളാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. പശ്ചിമബംഗാൾ – ബംഗ്ലാദേശ് പ്രദേശങ്ങൾക്ക് മുകളിലായുള്ള ചക്രവാതച്ചുഴി വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഉടൻ തന്നെ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. നാളെയും മഴ തുടരുമെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.









