മാലിന്യ പരിപാലനം:ഇന്ത്യൻ റയിൽവെ തികഞ്ഞ പരാജയം

ന്യൂഡൽഹി: പ്രതിദിനം കോടിക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഇന്ത്യൻ റെയിൽവേയുടെ മാലിന്യ പരിപാലന സംവിധാനങ്ങൾ അതീവ ദയനീയ അവസ്ഥയിലെന്ന് കണക്കുകൾ. ഡോ. വി. ശിവദാസൻ എം.പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

​ദിവസേന 230 ലക്ഷത്തോളം ആളുകൾ യാത്ര ചെയ്യുന്ന റെയിൽവേയിൽ ആവശ്യത്തിന് ശുചിത്വ സൗകര്യങ്ങളോ മാലിന്യ സംസ്കരണ സംവിധാനങ്ങളോ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തൊട്ടാകെയുള്ള റെയിൽവേ ശൃംഖലയിൽ ആകെയുള്ളത് 13 ബയോഗ്യാസ് പ്ലാന്റുകൾ മാത്രമാണ്. കൂടാതെ 171 കമ്പോസ്റ്റിംഗ് പ്ലാന്റുകളും 8 മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളും 858 പ്ലാസ്റ്റിക് ബോട്ടിൽ ക്രഷിംഗ് മെഷീനുകളും മാത്രമാണ് നിലവിലുള്ളത്.

​പ്രതിദിനം റെയിൽവേയിൽ എത്രത്തോളം മാലിന്യം ഉണ്ടാകുന്നുണ്ടെന്നോ അവ തരംതിരിക്കുന്നതിനെക്കുറിച്ചോ കൃത്യമായ പഠനങ്ങൾ പോലുമില്ലെന്ന് റെയിൽവേ സമ്മതിക്കുന്നു. 2014 മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ 3,63,990 ബയോ ടോയ്‌ലെറ്റുകൾ ട്രെയിനുകളിൽ സ്ഥാപിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും, അവയിൽ നിന്നുള്ള ദ്രവമാലിന്യം സംസ്കരിക്കാൻ ഫലപ്രദമായ മാർഗ്ഗങ്ങളൊന്നുമില്ല. സ്വന്തമായി ശക്തമായ സംസ്കരണ സംവിധാനമോ അതിനുള്ള മനുഷ്യവിഭവശേഷിയോ ഇല്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങളെയും സ്വകാര്യ ഏജൻസികളെയുമാണ് റെയിൽവേ ആശ്രയിക്കുന്നത്. രാജ്യത്ത് നിലവിലുള്ള മാലിന്യ പരിപാലന നിയമങ്ങൾ പൂർണ്ണമായി ലംഘിക്കുന്ന റെയിൽവേ ഇതിൽ അടിയന്തര തിരുത്തൽ വരുത്തണമെന്ന് വി. ശിവദാസൻ എം.പി ആവശ്യപ്പെട്ടു.

Top News from last week.