കണ്ണൂര്‍: ജില്ലയിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സ്ഥാപിച്ച ജലഗുണ പരിശോധനാ ലാബുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കി ജില്ലാപഞ്ചായത്ത്. ജില്ലയിലെ മുഴുവന്‍ ജലഗുണ പരിശോധനാ ലാബുകളുടെയും പ്രവര്‍ത്തനം ഉടനെ വിപുലീകരിക്കുമെന്നും പരിശോധനാ ക്യാമ്പുകള്‍ വ്യാപകമായി സംഘടിപ്പിക്കുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി പറഞ്ഞു.ഗ്രാമപഞ്ചായത്തുകളുടെ പിന്തുണയോടെയാണ് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത്. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 13 ജലഗുണ പരിശോധനാ ലാബുകളും ഹരിതകേരളം മിഷന്റെ എട്ട് ലാബുകളുമുണ്ട്. ധര്‍മ്മടം മണ്ഡലത്തില്‍ ഹരിത കേരളം മിഷന്‍ സ്ഥാപിച്ച എട്ട് ജലഗുണ പരിശോധനാ ലാബുകളില്‍ പെരളശ്ശേരി, മുഴപ്പിലങ്ങാട്, അഞ്ചരക്കണ്ടി ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ ലാബുകളിലെ ജല പരിശോധന സൗജന്യമാണ്.
ചിറ്റാരിപറമ്പ് ഗ്രാമപഞ്ചായത്തിലെ പന്ന്യാട് അംബേദ്കര്‍ നഗറിലെ 79 വീടുകളിലെ കിണറുകളിലെ ജലത്തിന്റെ പരിശോധന ചിറ്റാരിപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജലഗുണ പരിശോധനാ ലാബില്‍ നടന്നു. പ്രസ്തുത റിപ്പോര്‍ട്ടിന്റെ പ്രകാശനം ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബാലന്റെ അധ്യക്ഷനായി. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ എല്ലാ നഗറുകളിലെയും കിണറുകളിലെ വെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കാന്‍ ഗ്രാമപഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.








