വയനാട്: നാടിനെ നടുക്കിയ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ നടന്നിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. മൂന്ന് ഗ്രാമങ്ങളെ പൂർണ്ണമായി തുടച്ചുനീക്കിയ ആ കറുത്ത രാത്രി കവർന്നത് നൂറുകണക്കിന് ജീവനുകളും മനുഷ്യരുടെ പ്രതീക്ഷകളുമാണ്. 298 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച ഈ ദുരന്തത്തിൽ, കാണാതായ 32 പേരെയും പിന്നീട് മരിച്ചതായി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു. ദുരന്തത്തെ അതിജീവിച്ചവരുടെ മനോവിഷമങ്ങൾ ഇന്നും വിട്ടുമാറിയിട്ടില്ല. ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിൽ പ്രിയപ്പെട്ടവരുടെ ഓർമ്മയ്ക്കായി പുത്തുമലയിലെ ഹൃദയഭൂമിയിൽ ഇന്ന് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും സംഘടിപ്പിച്ചിട്ടുണ്ട്.
പുഞ്ചിരിമട്ടത്തുനിന്ന് ആഞ്ഞടിച്ച ഉരുൾപൊട്ടലിൽ പ്രദേശത്തെ ഗ്രാമങ്ങൾ ഇല്ലാതായി. തകർന്ന കെട്ടിടങ്ങളും വിജനമായ വീടുകളും മാത്രമാണ് അവിടെ ഇപ്പോൾ ബാക്കിയുള്ളത്. ഒരു രാത്രി കൊണ്ട് വീടും വിലാസവും നഷ്ടപ്പെട്ടവരുടെ ഓർമ്മകൾ മാത്രമാണ് ഇന്നിവിടെയുള്ളത്. പുഞ്ചിരിമട്ടവും മുണ്ടക്കൈയും പൂർണ്ണമായും നിശ്ചലമായി തുടരുമ്പോൾ, സഞ്ചാരികളുടെ വരവോടെ ചൂരൽമല പതുക്കെ തിരികെ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ്.








