കൊച്ചി: ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. നമുക്കിനി പൊലീസും കോടതിയും വേണ്ടെന്നും വോട്ട് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ ആര് കുറ്റവാളിയാണ്, ആരല്ല എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കന്യാസ്ത്രീകൾ കുറ്റക്കാരല്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണത്തിനെതിരെയാണ് പോസ്റ്റ്.
കഴിഞ്ഞ ദിവസമാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. കർശന വ്യവസ്ഥകളോടെയാണ് ബിലാസ്പുർ എൻഐഎ കോടതി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. എൻഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് പ്രധാന വ്യവസ്ഥ. പാസ്പോർട്ട് എൻഐഎ കോടതിയിൽ നൽകണമെന്നും ജാമ്യകാലയളവിലെ വാസസ്ഥലം എൻഐഎയെ അറിയിക്കണമെന്നും വ്യവസ്ഥയിലുണ്ട്.
രണ്ടാഴ്ചയിൽ ഒരിക്കൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകണം, അന്വേഷണ ഏജൻസി ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യാൻ ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, കേസിനെപ്പറ്റി പൊതുമധ്യത്തിൽ പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും എൻഐഎ കോടതി മുന്നോട്ടുവെച്ചു. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും കോടതി നിർദേശിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ വൈകിട്ടോടെ കന്യാസ്ത്രീകൾ പുറത്തിറങ്ങിയിരുന്നു.
ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായിരുന്നത്.




