ഭ്രാന്തന്മാരെ ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ല’; ഇറാന്റെ സമാധാന നിർദ്ദേശം തള്ളി ട്രംപ്

അമേരിക്കയുടെ ഇടപെടൽ കാരണം വലിയൊരു ആണവ യുദ്ധം ലോകത്ത് ഒഴിവാക്കിയെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.നയതന്ത്ര ചർച്ചകളിലൂടെ യുദ്ധം പരിഹരിക്കാമെന്ന ഇറാന്റെ സമാധാന നിർദ്ദേശം തള്ളി അമേരിക്കൻ പ്രസിഡന്റ്

“ഭ്രാന്തന്മാരുടെ കൈയിൽ ആണവായുധം എത്താൻ അനുവദിക്കില്ല” എന്ന് വ്യക്തമാക്കിയ ട്രംപ്, ഇറാനുമായുള്ള സംഘർഷത്തിൽ സൈനിക നടപടിയും ചർച്ചകളും ഒരുപോലെ പരിഗണനയിലുണ്ടെന്ന് അറിയിച്ചു. ആഗോള സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിലും അമേരിക്ക-ഇറാൻ യുദ്ധം തുടരുകയാണ്.

“നമ്മൾ ഇപ്പോൾ ഒരു യുദ്ധത്തിലാണ്. കാരണം, ഭ്രാന്തന്മാരുടെ കൈയിൽ ആണവായുധം എത്താൻ അനുവദിക്കരുതെന്ന കാര്യത്തിൽ നിങ്ങളും യോജിക്കുമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഇതിനോട് യോജിക്കുന്നില്ലേ?” ഫ്ലോറിഡയിൽ നടന്ന ചടങ്ങിൽ ട്രംപ് ചോദിച്ചു. ഹർഷാരവങ്ങളോടെയും “USA” വിളികളോടെയുമാണ് ജനക്കൂട്ടം ട്രംപിന്റെ വാക്കുകളെ വരവേറ്റത്.

‘വലിയൊരു ആണവ യുദ്ധം ഒഴിവാക്കി’

യുദ്ധം തുടരാൻ അമേരിക്കൻ കോൺഗ്രസിന്റെ അനുമതി ആവശ്യമായ 60 ദിവസത്തെ സമയപരിധി മുന്നിലുണ്ടെങ്കിലും, ട്രംപ് തന്റെ കർക്കശമായ നിലപാട് തുടരുകയാണ്. അമേരിക്കയുടെ ഇടപെടൽ കാരണം വലിയൊരു ആണവ യുദ്ധം ലോകത്ത് ഒഴിവാക്കിയെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. “B2 ബോംബറുകൾ ഉപയോഗിച്ച് നമ്മൾ അവരെ തടഞ്ഞു. അത് ചെയ്തില്ലായിരുന്നെങ്കിൽ അവർ ആണവായുധം നിർമിക്കുമായിരുന്നു. ഇസ്രായേലും പശ്ചിമേഷ്യയും യൂറോപ്പും തകർക്കപ്പെടുമായിരുന്നു,” അദ്ദേഹം പറഞ്ഞു.

ഇറാന്റെ സൈനിക ശേഷി ഗണ്യമായി തകർന്നുവെന്നും ട്രംപ് വാദിച്ചു. “അവർക്ക് നാവികസേനയില്ല. അവർക്ക് വ്യോമസേനയില്ല. അവർക്ക് വിമാനവിരുദ്ധ ഉപകരണങ്ങളില്ല. അവർക്ക് റഡാറില്ല. അവരുടെ നേതാക്കളെല്ലാം പോയി,” അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ അവതരിപ്പിച്ച സംഘർഷം അവസാനിപ്പിക്കാനുള്ള ഇറാന്റെ ഏറ്റവും പുതിയ നിർദ്ദേശം നിരസിച്ച ട്രംപ്, യുദ്ധം പെട്ടെന്ന് അവസാനിക്കില്ലെന്ന് വ്യക്തമാക്കി.

ഇറാൻ നിർദ്ദേശത്തിൽ തൃപ്തിയില്ലെന്ന് ട്രംപ്

വ്യാഴാഴ്ച രാത്രി പാകിസ്ഥാന് ലഭിച്ച നിർദ്ദേശം വെള്ളിയാഴ്ചയാണ് അമേരിക്കയ്ക്ക് മുന്നിൽ അവതിരിപ്പിച്ചത്. ചർച്ചകൾ പുനരാരംഭിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.എന്നാൽ ഇതിൽ താൻ തൃപ്തനല്ലെന്ന് ട്രംപ് പറഞ്ഞു. “അവർ ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ … ഞാൻ അതിൽ തൃപ്തനല്ല,” അദ്ദേഹം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാൻ തനിക്ക് അംഗീകരിക്കാൻ കഴിയാത്ത ഇളവുകൾ തേടുകയാണെന്നും  അവിടുത്തെ നേതൃത്വം രണ്ടോ മൂന്നോ ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ആവർത്തിച്ചു.

ഇറാനെ ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്ന തന്റെ നിലപാട്  ട്രംപ് ആവർത്തിച്ചു. സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടമാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് ഇറാൻ വാദിക്കുന്നത്. എന്നാൽ ഇറാൻ ആണവായുധം നിർമിക്കാൻ ശ്രമിക്കുകയാണെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്നത്.

ചർച്ചകൾ തുടരുമോ?

തന്റെ ഓപ്ഷനുകൾ വിശദീകരിച്ച് കൊണ്ട് ട്രംപ് പറഞ്ഞത് ഇങ്ങനെയാണ്;  “നമുക്ക് പോയി അവരെ പൂർണ്ണമായും തകർക്കണോ? അതോ ഒരു കരാറിന് ശ്രമിക്കണോ?” സൈനിക നീക്കം വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ മാനുഷിക അടിസ്ഥാനത്തിൽ തനിക്ക് താൽപര്യമില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്.

ഫോണിലൂടെ ചർച്ചകൾ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി ട്രംപ് പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങളെയും പ്രശംസിച്ചു. “അവർ പുരോഗതി കൈവരിച്ചു, പക്ഷേ അവർ എപ്പോഴെങ്കിലും അവിടെ എത്തുമോ എന്ന് എനിക്ക് ഉറപ്പില്ല,” അദ്ദേഹം പറഞ്ഞു. “എനിക്ക് യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ അവർ ആവശ്യപ്പെടുന്നു.”

അതേസമയം, അമേരിക്ക അവരുടെ അമിതമായ സമീപനവും ഭീഷണിപ്പെടുത്തൽ രീതികളും മാറ്റിയാൽ നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഏതൊരു ഭീഷണിക്കെതിരെയും രാജ്യത്തെ സംരക്ഷിക്കാൻ ഇറാന്റെ സായുധ സേന സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Top News from last week.

Latest News

More from this section