സംസ്ഥാനത്ത് മഴയും കാറ്റും കടുക്കുന്ന സാഹചര്യത്തിൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലക്കേർപ്പെടുത്തി. ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. നിലവിൽ പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും, നാളെ 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ കടൽ മേഖലകളിൽ ഓഗസ്റ്റ് 3 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ അതിശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിലുണ്ട്. സോമാലിയ-ഒമാൻ തീരങ്ങൾ, അറബിക്കടലിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം. കൂടാതെ തെക്കൻ ശ്രീലങ്കൻ തീരം, ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിലും ഈ ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്.









