എന്താണ് ഈ സിബില്‍ സ്‌കോര്‍ എന്ന് പലര്‍ക്കും സംശയമുള്ള കാര്യമാണ്. സിബില്‍ സ്‌കോര്‍ എന്നുപറയുന്നത് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലെ റിപ്പോര്‍ട്ട് കാര്‍ഡ് പോലെയാണ്. സ്‌കൂളില്‍ മാര്‍ക്ക് നോക്കി പെര്‍ഫോമന്‍സ് അനലൈസ് ചെയ്യുന്നത് പോലെ നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ എങ്ങനെയാണെന്ന് ഇത് നോക്കിയാല്‍ മനസിലാകും. സിബില്‍ സ്‌കോര്‍ എപ്പോഴും ഒരു മൂന്നക്ക സംഖ്യയായിരിക്കും. ഇത് 300നും 900നും ഇടയില്‍ ആയിരിക്കും. നിങ്ങളുടെ സ്‌കോര്‍ 900നോട് അടുത്ത് നില്‍ക്കുന്തോറും അത്രയും നല്ലതാണ്. നിങ്ങള്‍ ലോണുകളും, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടോ എന്നതാണ് ഈ നമ്പര്‍ സൂചിപ്പിക്കുന്നത്. അത്തരത്തിലുള്ള നിങ്ങളുടെ ഹിസ്റ്ററി അറിയാന്‍ വേണ്ടിയാണ് നിങ്ങള്‍ ഒരു ലോണിന് അപേക്ഷിക്കുമ്പോള്‍ ബാങ്കുകള്‍ ആദ്യം ഈ സ്‌കോര്‍ പരിശോധിക്കുന്നത്.
സിബില്‍ സ്‌കോറിന്റെ പ്രാധാന്യം
നല്ല സിബില്‍ സ്‌കോര്‍ ഉണ്ടെങ്കില്‍ ബാങ്കുകള്‍ നിങ്ങളെ എളുപ്പത്തില്‍ വിശ്വസിക്കും. കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ ലഭിക്കാനും ഇത് സഹായിക്കും. സിബില്‍ സ്‌കോര്‍ കുറവാണെങ്കില്‍ ലോണ്‍ കിട്ടാന്‍ ബുദ്ധിമുട്ടാകും. കിട്ടിയാല്‍ തന്നെ കൂടുതല്‍ പലിശ നല്‍കേണ്ടി വരും. ഇനി സിബില്‍ സ്‌കോര്‍ എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് നോക്കാം. നിങ്ങളുടെ മുന്‍കാല സാമ്പത്തിക ഇടപാടുകള്‍ എങ്ങനെയായിരുന്നു എന്നതിനെ ആശ്രയിച്ചാണ് ഇത് കണക്കാക്കുന്നത്. നിങ്ങള്‍ കൃത്യമായി ബില്ലുകളും ഇഎംഐകളും അടയ്ക്കുകയാണെങ്കില്‍ സ്‌കോര്‍ ഉയരും. നിങ്ങള്‍ പണം തിരിച്ചടയ്ക്കാന്‍ വൈകുകയോ കൂടുതല്‍ കടം എടുക്കുകയോ മറ്റോ ചെയ്താല്‍ സ്‌കോര്‍ കുറയും
സിബില്‍ സ്‌കോര്‍ എങ്ങനെ മെച്ചപ്പെടുത്താം
എല്ലാ ബില്ലുകളും, ഇഎംഐകളും കൃത്യ സമയത്ത് അടയ്ക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും ലോണ്‍ തിരിച്ചടവുകളും മുടങ്ങാതെ നോക്കുക. ഇതൊക്കെ മറന്നുപോകുന്ന പ്രശ്‌നമുള്ള ആളാണ് നിങ്ങളെങ്കില്‍ ഇതിനായി റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഓട്ടോ പേയ്‌മെന്റ് രീതികള്‍ ഉപയോഗിക്കാം. അതാകുമ്പോള്‍ നിങ്ങള്‍ മറന്നുപോയാലും അടവ് കൃത്യമായി നടന്നോളും. ശ്രദ്ധിക്കാവുന്ന മറ്റൊരു കാര്യം ക്രെഡിറ്റ് കാര്‍ഡിന്റെ മുഴുവന്‍ പരിധിയും ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക എന്നതാണ്. ക്രെഡിറ്റ് കാര്‍ഡ് പരിധി 10,000 രൂപയാണെങ്കില്‍, 3,000 രൂപയില്‍ കുറഞ്ഞ തുക മാത്രം ഉപയോഗിക്കുക. ഒപ്പം നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ തെറ്റുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുക. വര്‍ഷത്തില്‍ ഒരിക്കല്‍ നിങ്ങളുടെ റിപ്പോര്‍ട്ട് പരിശോധിക്കുകയും തെറ്റുകള്‍ തിരുത്തുകയും ചെയ്യുന്നത് നല്ലതാണ്.












