കണ്ണൂർ : കോർപ്പറേഷൻ ആസ്ഥാനമായ കണ്ണൂർ നഗരത്തിൽ വാഹന പാർക്കിംഗ് തോന്നിയതുപോലെ. ഇതു മൂലം ബസ് പോലുള്ള വലിയ വാഹനങ്ങളും ഇരുചക്രക്കാരും വല്ലാതെ ബദ്ധിമുട്ടുന്നു.
സ്റ്റേഡിയത്തിനു മുന്നിലെ കഴിഞ്ഞ ദിവസത്തെ ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. നോ പാർക്കിംഗ് ബോർഡിനു താഴെ വരെ വാഹനങ്ങളുണ്ട്. മാത്രമല്ല ആ കാറിന്റെ അപ്പുറവും വെക്കും. ഇപ്പുറത്തെ കാർ പോയാൽ മറ്റേ കാർ റോഡിനു മധ്യത്തിലായി. കോടതിയിൽ കെട്ടിടം പണി നടക്കുന്നതിനാൽ വക്കീലന്മാരുടെയും ജഡ്ജിമാരുടെ പോലും വാഹനങ്ങൾ റോഡിലാണ് പാർക്ക് ചെയ്യുന്നത്.
സ്റ്റേഡിയത്തിനു മുന്നിലെ അവസ്ഥ മാത്രമല്ല ഇത്.നഗരത്തിലെല്ലായിടങ്ങളിലും ഇതു തന്നെയാണവസ്ഥ. അനധികൃതമായും അലസമായും വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് കാണാം.
പോലീസാണെങ്കിൽ കണ്ടാൽ പോലും മൈന്റ് ചെയ്യുന്നില്ല. ഇതാണ് അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉടമകൾക്ക് ധൈര്യം നൽകുന്നത്. പകൽ നേരങ്ങളിൽ ഫോട്ടോയെടുത്ത് പെറ്റിയടിപ്പിക്കുന്നത് അപൂർവമായി കാണാം.എന്നാൽ സന്ധ്യ കഴിഞ്ഞാൽ യാതൊരു പരിശോധനയുമില്ല.
വാഹന പാർക്കിംഗിനായി പോലീസ് മൈതാനിക്കരികിലും സ്റ്റേറ്റ് ബാങ്ക് പരിസരത്തുമൊക്കെ കോർപ്പറേഷൻ ലക്ഷങ്ങൾ മുടക്കി സംവിധാനമൊരുക്കിയിട്ട് മാസങ്ങളായി.ഇതിന്റെ ഉദ്ഘാടനം വൈകാതെയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.









