വൈദ്യുതി തടസം അറിയിക്കാൻ വാട്‌സ്ആപ്പ് ഗ്രൂപ്പ്; ഉദ്യോഗസ്ഥർ ഫോൺ കോളുകളോട് പ്രതികരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി ഉപഭോക്താക്കളോട് കെഎസ്ഇബി ജീവനക്കാർ സൗഹാർദ്ദപരമായി പെരുമാറണമെന്നും ഫോൺ കോളുകളോട് കൃത്യമായി പ്രതികരിക്കണമെന്നും തൃശ്ശൂർ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി സണ്ണി ജോസഫ് കർശന നിർദേശം നൽകി. വൈദ്യുതി തടസങ്ങൾ കൃത്യസമയത്ത് ജനങ്ങളെ അറിയിക്കാൻ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഓരോ സെക്ഷനിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണം.

തടസങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ ജാഗ്രത കാട്ടുന്നതിനൊപ്പം പൊതുജനങ്ങൾക്കായി സുരക്ഷാ ബോധവൽക്കരണവും നടത്തണം. പ്രശ്നപരിഹാരത്തിനായി മണ്ഡലതല സമിതികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും തദ്ദേശ സ്ഥാപന അധ്യക്ഷന്മാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ അവലോകന യോഗങ്ങൾ വിളിക്കാൻ എംഎൽഎമാർ മുൻകൈ എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് തടസ്സമാകുന്ന ട്രാൻസ്ഫോർമർ ദൗർലഭ്യം പരിഹരിക്കാൻ ആറുമാസത്തിനകം ആയിരത്തിലധികം പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുമെന്ന് കെഎസ്ഇബി യോഗത്തിൽ വ്യക്തമാക്കി. മലക്കപ്പാറയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അതിരപ്പിള്ളി കേന്ദ്രീകരിച്ച് പുതിയ സബ് റീജ്യണൽ ഓഫീസ് ആരംഭിക്കുമെന്നും പെരിങ്ങൽക്കൂത്ത്, ഷോളയാർ ക്വാർട്ടേഴ്സുകൾ നവീകരിക്കുന്നതിനായി വനംവകുപ്പുമായി ചർച്ച നടത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ദേശീയപാത, പിഡബ്ല്യുഡി തുടങ്ങിയ വകുപ്പുകളുമായുള്ള ഏകോപന തടസ്സങ്ങൾ നീക്കാൻ ജില്ലാ കളക്ടർ പ്രത്യേക യോഗം വിളിക്കാനും വിവിധ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനും നിർദ്ദേശിച്ച യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Top News from last week.