സംശയാസ്പദവും ഐടി നിയമങ്ങൾ ലംഘിച്ചതുമായ അക്കൗണ്ടുകൾ വാട്ട്സാപ്പ് കൂട്ടത്തോടെ പൂട്ടാനൊരുങ്ങുന്നു. ഈ വർഷം ജനുവരിയിൽ മാത്രം രാജ്യത്ത് ഒരുകോടി അക്കൗണ്ടുകളാണ് പൂട്ടിയത്. ഇതിൽത്തന്നെ 13 ലക്ഷം അക്കൗണ്ടുകൾ ഉപഭോക്താക്കളുടെ പരാതി ഇല്ലാതെ വാട്ട്സാപ്പ് സ്വയം തിരിച്ചറിഞ്ഞ് നിരോധിച്ചവയാണ്.ആദ്യമായാണ് ഇത്രയധികം അക്കൗണ്ടുകൾ ഒരുമാസത്തിനുള്ളിൽ നിരോധിക്കുന്നത്. 9400 ലധികം പരാതികളും ജനുവരിയിൽ ലഭിച്ചിരുന്നു. ഒരു അക്കൗണ്ട് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ അത് യഥാർഥത്തിൽ ഉള്ളതാണോ അതോ വ്യാജ അക്കൗണ്ടാണോ എന്ന് വാട്ട്സാപ്പ് തന്നെ നിരീക്ഷിക്കാറുണ്ട്.
സന്ദേശങ്ങൾ അയക്കുന്നതും അക്കൗണ്ട് നീക്കം ചെയ്യുന്നതും തമ്മിലുള്ള ബന്ധം
വാട്ട്സാപ്പ് നമ്മളയക്കുന്ന സന്ദേശങ്ങളും അവയുടെ രീതിയും നിരീക്ഷിക്കാറുണ്ട്. ഒരാൾ കുറേയധികം സന്ദേശങ്ങൾ അയക്കുന്നതും(ബൾക്ക് മെസേജിംഗ്) ഒരേ സമയം ഒന്നിലധികം പേർക്ക് അയക്കുന്നതും ,ഒരേ പാറ്റേണിൽ ഒന്നിലധികം പേർക്ക് സന്ദേശം അയക്കുന്നതും അക്കൗണ്ട് നിരോധിക്കുന്നതിന് കാരണമാകും.
ഓണക്കാലത്തും ക്രിസ്മസ് കാലത്തും ഒക്കെ അയക്കുന്ന ആശംസാ സന്ദേശങ്ങൾ പോലും ബൾക്ക് മെസേജിംഗിൽ ഉൾപ്പെടുന്നു. വ്യക്തിഹത്യ, ലൈംഗിക പരാമർശങ്ങൾ, ആൾമാറാട്ടം എന്നിവയടങ്ങിയ മെസേജുകൾ, വ്യാജ ലിങ്കുകൾ ഉപയോഗിക്കുന്നവർ, ഒരുപാട് കോൺടാക്ടുകൾ ഫോണിൽ സൂക്ഷിക്കുന്നവർ, വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ ഇങ്ങനെയുള്ളവരുടെ അക്കൗണ്ടിന് പിടിവീഴും.
എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്
ഒരാൾക്ക് അയക്കാൻ കഴിയുന്ന മെസേജുകളുടെ എണ്ണത്തിൽ അടുത്ത മാസം മുതൽ വാട്ട്സാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കൂടുതൽ സന്ദേശങ്ങൾ അയക്കണമെങ്കിൽ തുക ഈടാക്കും. ആദ്യഘട്ടത്തിൽ 250 ബിസിനസ് അക്കൗണ്ടുകൾ സൗജന്യമായി ഉപയോഗിക്കാം. അതുപോലെ അപരിചിതരുടെ സന്ദേശങ്ങൾക്ക് പ്രതികരിക്കാതിരിക്കുക, ആപ്പുകൾ ഇടയ്ക്കിടയ്ക്ക് അപ്ഡേറ്റ് ചെയ്യുക, ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുമ്പോൾ ശ്രദ്ധിക്കുക. അക്കൗണ്ട് ഇല്ലാതായിപ്പോയാൽ support@whatsapp.com എന്ന മെയിൽ ഐഡിയിൽ പരാതി അയച്ച് പരിഹാരം തേടാവുന്നതാണ്.









