തിങ്കളാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണൽ പ്രക്രിയ ആരംഭിക്കും. 43 സ്ഥലങ്ങളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത് സംസ്ഥാനം അതീവ ജാഗ്രതയോടെ ഉറ്റുനോക്കുന്ന നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പിന്റെ
സംസ്ഥാനം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ശക്തമായ രാഷട്രീയ പ്രചാരണങ്ങൾക്കും ആരോപണ-പ്രത്യാരോപണങ്ങൾക്കും പിന്നാലെ ഏപ്രിൽ ഒമ്പതിന് നടന്ന വോട്ടെടുപ്പിൽ ജനം ആർക്കൊപ്പം നിന്നുവെന്ന് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.
ഭരണം നിലനിർത്താൻ എൽ.ഡി.എഫും പത്തു വർഷമായി നഷ്ടമായ ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫും സംസ്ഥാന രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്താൻ എൻ.ഡി.എയും കടുത്ത പ്രചാരണങ്ങളാണ് സംസ്ഥാനത്ത് നടത്തിയത്. 140 മണ്ഡലങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ ആകെ 2,71,42,952 വോട്ടർമാരിൽ 79.63 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 883 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടിയത്.
വോട്ടെണ്ണൽ സജ്ജീകരണങ്ങൾ
വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. 43 സ്ഥലങ്ങളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. തിങ്കളാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണൽ പ്രക്രിയ ആരംഭിക്കും. 140 റിട്ടേണിംഗ് ഓഫീസർമാർ, 1,340 അധിക റിട്ടേണിംഗ് ഓഫീസർമാർ, 4,208 മൈക്രോ ഒബ്സർവർമാർ, 4,208 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 5,563 കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവരുൾപ്പെടെ 15,464 പേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
നടപടിക്രമത്തിന്റെ ഭാഗമായി, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും (ഇവിഎമ്മുകളും) വിവിപാറ്റ് യൂണിറ്റുകളും സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾ ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ, സുരക്ഷാ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ തുറക്കും. മൊത്തം പോൾ ചെയ്ത വോട്ടുകളുടെ 1.36 ശതമാനം വരുന്ന പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണും.
ഇതിന് പിന്നാലെ വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഓരോ റൗണ്ടിലും പരമാവധി 14 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടുകൾ എണ്ണും. ഉച്ചയോടെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ ചിത്രം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കാം. ഒരു ബൂത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും ഇവിഎമ്മിലെ കണക്കുകളും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ വിവിപാറ്റ് സ്ലിപ്പുകളും എണ്ണും.
വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 25 കമ്പനി കേന്ദ്ര സേനയെയും സംസ്ഥാന പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. അക്രമസംഭവങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്തുടനീളം നിരീക്ഷണം ശക്തമാക്കി.
തികഞ്ഞ പ്രതീക്ഷയിൽ മുന്നണികൾ
മിക്ക എക്സിറ്റ് പോളുകളും ഇഞ്ചോടിഞ്ച് മത്സരം പ്രവചിക്കുന്നുണ്ടെങ്കിലും യു.ഡി.എഫിനാണ് മുൻതൂക്കം നൽകുന്നത്. പത്തു വർഷമായി അധികാരം ലഭിക്കാതിരുന്ന യു.ഡി.എഫിന് ഈ നിയമസഭ തിരഞ്ഞെടുപ്പ് ജിവൻ-മരണ പോരാട്ടമായിരുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിലെയും തദ്ദേശ തിരഞ്ഞെടുപ്പിലെയും മികച്ച പ്രകടനം ഇത്തവണയും ആവർത്തിക്കുമെന്ന ആത്മവിശ്വാസമാണ് യു.ഡി.എഫ് ക്യാമ്പുകൾ പങ്കുവയ്ക്കുന്നത്. 80 മുതൽ 90 വരെ സീറ്റുകൾ യു.ഡി.എഫ് നേടുമെന്നാണ് ചില എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
തുടർച്ചയായി മൂന്നാം തവണയും ഭരണം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. കഴിഞ്ഞ തവണ നടത്തിയ മികച്ച പോരാട്ടം തുടരാൻ സാധിക്കില്ലെങ്കിലും 75 മുതൽ 80 വരെ സീറ്റുകൾ നേടി ഭരണം പിടിക്കാമെന്നാണ് എൽ.ഡി.എഫ് ക്യാമ്പുകൾ പങ്കുവയ്ക്കുന്ന പ്രതീക്ഷ. എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയില്ലെന്ന് എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. ഇത്തവണ എൽ.ഡി.എഫ് പരാജയപ്പെട്ടാൽ, 1960-കൾക്ക് ശേഷം ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇടതുപക്ഷം അധികാരത്തിലില്ലാത്ത സാഹചര്യം ഉണ്ടാകും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റുകളൊന്നും നേടാൻ കഴിയാതിരുന്ന എൻ.ഡി.എ ഇത്തവണ കേരളത്തിൽ സാന്നിധ്യം ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. വോട്ട് വിഹിതം 20 ശതമാനത്തിന് മുകളിൽ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ട്വന്റി-20 പാർട്ടിയുമായുള്ള സഖ്യവും ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താൻ നടത്തിയ ശ്രമങ്ങളും ഗുണകരമാകുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു.









