മുകേഷ് അംബാനിക്ക് കൂടുതൽ പണമുണ്ടാക്കുന്നത് സന്തോഷം നൽകുന്നതായി പ്രമുഖ നടൻ മമ്മൂട്ടി. ഓരോ മേഖലയിലും കാര്യങ്ങൾ ഇങ്ങനെയാണ്. തനിക്ക് അഭിനയം കൂടുതൽ സന്തോഷം നൽകുന്നു എന്ന് പറഞ്ഞപ്പോഴാണ് താരം ഇങ്ങനെ പറഞ്ഞത് മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടി , പണവും സന്തോഷവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ പ്രസ്താവന നിലവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാണ്. ഇതിനായി ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ മുകേഷ് അംബാനിയെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അഭിനയത്തോട് തനിക്കുള്ള അടങ്ങാത്ത അഭിനിവേശത്തെക്കുറിച്ചും താരം വാചാലനായി. അടുത്തിടെ 'ദി ഹോളിവുഡ് റിപ്പോർട്ടർ' ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി മനസ്സ് തുറന്നത്.
അഭിമുഖത്തിനിടെയുള്ള ചില ചോദ്യങ്ങൾക്കാണ് വിവിധ മേഖലകളിൽ വ്യക്തികൾ അഭിനിവേശത്തോടെ തുടരുന്നതെന്ന് താരതമ്യത്തിലൂടെ മമ്മൂട്ടി മറുപടി നൽകിയത്. അഞ്ച് പതിറ്റാണ്ടിന് ശേഷവും അഭിനയത്തോടുള്ള പാഷൻ എങ്ങനെ സജീവമായി നില നിർത്തുന്നു? ഇത്രയും നേട്ടങ്ങൾ കൈവരിച്ചതിന് ശേഷവും വെല്ലുവിളിയുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നത് എന്തു കൊണ്ട് എന്നീ ചോദ്യങ്ങൾക്ക് മെഗാ സ്റ്റാർ നൽകിയ ഉത്തരമാണ് ശ്രദ്ധ നേടിയത്. "എന്തു കൊണ്ടാണ് 90ഉം, 100ഉം വയസ്സുള്ള രാഷ്ട്രീയക്കാർ ഇപ്പോഴും രാഷ്ട്രീയത്തിൽ തുടരാൻ ആഗ്ഹരിക്കുന്നത്? എന്തു കൊണ്ടാണ് മുകേഷ് അംബാനി ഇത്രയധികം പണമുണ്ടാക്കുന്നത്? അത് അദ്ദേഹത്തിന് വേണ്ടി മാത്രമല്ല... താൻ ഉണ്ടാക്കുന്ന പണം മുഴുവൻ അംബാനി ഉപയോഗിക്കാൻ പോകുന്നില്ല. അവർക്ക് അതിൽ നിന്ന് ഒരു സന്തോഷം ലഭിക്കുന്നു എന്നതാണ് പ്രധാനം.. ഞാൻ എന്നെ അംബാനിയുമായി താരതമ്യപ്പെടുത്തുകയല്ല. ഞാൻ പറഞ്ഞു വരുന്നത് ഇതൊക്കെ മനുഷ്യസഹജമായ കാര്യങ്ങളാണെന്നാണ്. നിങ്ങളുടെ കൈവശം എന്തുണ്ടോ അതിൽ കൂടുതൽ നിങ്ങൾ ആഗ്രഹിക്കും. അതൊരു അത്യാഗ്രഹമാണ്" - മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി ഇന്ത്യൻ ചലച്ചിത്ര ലോകത്തെ മുൻനിര നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇഗ്ലീഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സുദീർഘമായ 55 വർഷങ്ങളായി അദ്ദേഹം അഭിനയ രംഗത്തുണ്ട്. മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി. ഏകദേശം 10.14 ലക്ഷം കോടി രൂപയാണ് നിലവിലെ അദ്ദേഹത്തിന്റെ ആസ്തി മൂല്യം. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് റിലയൻസ്. ക്രൂഡ് ഓയിൽ ബിസിനസിന് പുറമെ ടെലികോം, മീഡിയ, റീടെയിൽ, എ.ഐ, ഡാറ്റ സെന്റർ, ഡിജിറ്റൽ കണ്ടന്റ് അടക്കം വൈവിദ്ധ്യമാർന്ന മേഖലകളിൽ റിലയൻസിന് ബിസിനസുണ്ട്.









