കണ്ണൂർ: നഗരമധ്യത്തിൽ ജനങ്ങളെയും വ്യാപാരികളെയും ആശങ്കയിലാഴ്ത്തി പരക്കെ മോഷണം. കണ്ണൂർ പ്രസ്സ് ക്ലബ് റോഡ്, പയ്യാമ്പലം റോഡ് എന്നിവടങ്ങളിലെ ഏഴോളം വ്യാപാരസ്ഥാപനങ്ങളിലാണ് ഇന്നലെ അർദ്ധരാത്രിയോടെ വൻ കവർച്ച നടന്നത്.
കടകളുടെ ഷട്ടറുകൾ തകർത്തും, മേൽഭാഗത്തെ ഷീറ്റുകൾ പൊളിച്ചുമാറ്റിയുമാണ് മോഷ്ടാവ് അകത്തുകടന്നത്. തുണികൾ, വിലകൂടിയ വാച്ചുകൾ, കടകളിൽ സൂക്ഷിച്ചിരുന്ന പണം എന്നിവയാണ് പ്രധാനമായും കവർച്ച ചെയ്യപ്പെട്ടത്. എത്ര രൂപയുടെ ആകെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.സംഭവമറിഞ്ഞ് അഡ്വ. മോഹനൻ എം.എൽ.എ, മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യൂട്ടി മേയർ സാഹിർ തുടങ്ങിയ ജനപ്രതിനിധികൾ മോഷണം നടന്ന വ്യാപാരസ്ഥാപനങ്ങൾ നേരിട്ട് സന്ദർശിച്ചു. വ്യാപാരികളുമായി സംസാരിച്ച് അവർ സ്ഥിതിഗതികൾ വിലയിരുത്തി.
നഗരമധ്യത്തിൽ ഇത്രയധികം കടകളിൽ ഒരേസമയം മോഷണം നടന്നത് വ്യാപാരികൾക്കിടയിൽ വലിയ പ്രതിഷേധത്തിനും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.








