മട്ടന്നൂരിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി

കണ്ണൂര്‍: മട്ടന്നൂരിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടി. ചിത്രാരിയിലെ റോഡരികില്‍ വെച്ചാണ് കാട്ടുപോത്തിനെ മയക്കുവെടിവെച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം തന്നെ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. സമീപത്ത് വനപ്രദേശങ്ങളില്ലാത്തതിനാല്‍ പോത്തിനെ തുരത്താന്‍കഴിഞ്ഞില്ല. ഇതെത്തുടര്‍ന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ മയക്കുവെടിവച്ച് പിടികൂടാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച രാത്രി മുതലാണ് മട്ടന്നൂര്‍ കിളിയങ്ങാട്, മേറ്റടി മേഖലകളില്‍ കാട്ടുപോത്തിനെ ആദ്യം കണ്ടത്. കിളിയങ്ങാട്, മേറ്റടി റോഡിലൂടെ നീങ്ങിയ കാട്ടുപോത്ത് വെള്ളിയാംപറമ്പില്‍ കിന്‍ഫ്ര പാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. കാട്ടുപോത്ത് ജനവാസ മേഖലയില്‍ ചുറ്റിത്തിരിഞ്ഞ സാഹചര്യത്തില്‍ കീഴല്ലൂര്‍ പഞ്ചായത്തിലെ 6, 7 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവ് വന്നതിനുപിന്നാലെ വൈകിട്ട് തന്നെ മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നുവെങ്കിലും രാത്രിയായതോടെ സാധിച്ചില്ല. ക്രെയിന്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയെങ്കിലും നേരം ഇരുട്ടിയതിനാല്‍ ഇന്നലെ നിര്‍ത്തിവയ്ക്കുകയായിരുന്നു. കിളിയങ്ങാട് നിരമ്മലിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് കാട്ടുപോത്ത് വെള്ളിയാഴ്ച രാവിലെ ഉണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ കാട്ടുപോത്ത് ചിത്രാരിയിലെത്തി. ഇവിടെവെച്ചാണ് കാട്ടുപോത്തിനെ മയക്കുവെടിവച്ചത്. വെറ്ററിനറി ഡോക്ടര്‍ ഇല്യാസിന്റെയും വനംവകുപ്പ് അധികൃതരുടെയും സംഘമാണ് കാട്ടുപോത്തിനെ മയക്കുവെടിവച്ച് പിടികൂടിയത്. പിടികൂടിയ കാട്ടുപോത്തിനെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷം ആറളം വന്യജീവി സങ്കേതത്തില്‍ വിടാനാണ് വനം വകുപ്പിന്റെ തീരുമാനം.

Top News from last week.