വൊഡഫോണ്‍ ഐഡിയയുടെ രക്ഷകനായി അദാനി എത്തുമോ? ഉയരുന്ന പേരുകളില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പും. ടെലികോം കമ്പനിക്ക് നിലനില്‍പ്പിന് 50,000 കോടി വേണമെന്ന് റിപ്പോര്‍ട്ട്. വിയുടെ 49% ഓഹരികള്‍ സര്‍ക്കാരിന്റെ പക്കല്‍. ഇന്ത്യന്‍ ടെലികോം വിപണിയില്‍ ഒരുകാലത്ത് ഏറ്റവും ശക്തമായ 2 പേരുകള്‍ ആയിരുന്നു ഐഡിയ, വൊഡഫോണ്‍ എന്നിവ. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ എന്ന പേരില്‍ വിപണികളിലേയ്ക്ക് പ്രവേശിച്ചതോടെ ഇവര്‍ക്ക് പിടിച്ചുനില്‍ക്കാനായി ലയിക്കേണ്ടി വന്നു. എന്നാല്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ സംയുക്ത സംരംഭത്തിനും ഇതുവരെ സാധിച്ചിട്ടില്ല. എജിആര്‍ കുടിശികയില്‍ ലഭിച്ച വലിയ തിരിച്ചടിയും, ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കു മൂലം നേരിട്ട വരുമാന നഷ്ടവും 5ജി വികസനത്തെ അടക്കം ബാധിച്ചു. ഒടുവില്‍ ഓഹരികള്‍ സര്‍ക്കാരിന് വിട്ടുനില്‍കി എജിആര്‍ കുടിശികയില്‍ കമ്പനി ആശ്വാസം കണ്ടെത്തി. വിയുടെ 49% ഓഹരികള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ കൈയ്യില്‍ എത്തിയ കാര്യമാണ് പറഞ്ഞത്.
കമ്പനിയെ സംബന്ധിച്ച് ഇതു വലിയൊരു ആശ്വാസമായിരുന്നു. എന്നാല്‍ 5ജിയില്‍ ഇന്നും കമ്പനി വലിയതോതില്‍ പിന്നിലാണ്. പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ അടക്കം 5ജിയിലേയ്ക്ക് അടുക്കുമ്പോള്‍ ഇനിയും വൈകുന്നത് വലിയ തിരിച്ചടിയാകുമെന്ന് വിയ്ക്ക് അറിയാം. ഇന്ത്യന്‍ ടെലികോം വിപണിയിലെ നിലനില്‍പ്പിനും, വളര്‍ച്ചയ്ക്കും ഏകദേശം 45,000 മുതല്‍ 50,000 കോടി രൂപ വരെ ആവശ്യമായിവരുമെന്നാണ് വിയുടെ വിലയിരുത്തല്‍. 5ജി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് പണം ആവശ്യമാണെന്ന് വിദഗ്ധരും വ്യക്തമാക്കുന്നു.എജിആര്‍ കുടിശികയില്‍ 37,000 കോടി രൂപയാണ് ഓഹരികളാക്കി മാറ്റികൊണ്ട് സര്‍ക്കാര്‍ വിയെ സഹായിച്ചത്. ഇതുവഴി സര്‍ക്കാരിന്റെ വിയിലെ ഓഹരി പങ്കാളിത്തം 49% ആയി. കമ്പനിയിലെ ഏറ്റവും ശക്തരായ ഓഹരിയുടമ നിലവില്‍ സര്‍ക്കാരാണ്. പ്രധാന പ്രൊമോട്ടര്‍മാരായ വോഡഫോണ്‍ പിഎല്‍സി, ആദിത്യ ബിര്‍ള ഗ്രൂപ്പ് എന്നിവരുടെ പക്കല്‍ ഏകദേശം 25.5 ശതമാനം ഓഹരികളാണുള്ളത്. ബാക്കി ഓഹരികള്‍ പൊതു നിക്ഷേപകരുടെ ഉടമസ്ഥതയിലാണ്.കടുത്ത സാമ്പത്തിക സമ്മര്‍ദം നേരിടുന്ന കമ്പനി എങ്ങനെ കൂടുതല്‍ ഫണ്ടുകള്‍ കണ്ടെത്തുമെന്നതാണ് ചോദ്യം. ഇതോടകം സമ്മര്‍ദത്തിലായ പ്രൊമോട്ടര്‍മാര്‍ വീണ്ടും നിക്ഷേപം നടത്താനുള്ള സാധ്യത ഇല്ല. അതിനിടെ വിയുടെ ഫണ്ടിംഗുമായി ബന്ധപ്പെട്ട് വിപണിയില്‍ ചില പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇതില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് (സജ്ജന്‍ ജിന്‍ഡാല്‍), അദാനി ഗ്രൂപ്പ് എന്നിവ ഉള്‍പ്പെടുന്നു. ഇത്തരമൊരു നീക്കത്തില്‍ പ്രെമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം ഇനിയും കുറയുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ആരോഗ്യകരമായ മത്സരത്തിന് ഇന്ത്യയ്ക്ക് നിലവില്‍ കുറഞ്ഞത് മൂന്ന് ശക്തമായ ടെലികോം കമ്പനികള്‍ ആവശ്യമാണെന്ന് സര്‍ക്കാരും, വിദഗ്ധരും പറയുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കൈവശമുള്ള 49% ഓഹരികളില്‍ കുറവ് വരുത്തുമോ എന്നും കണ്ടറിയേണ്ടതുണ്ട്. സര്‍ക്കാരും യുദ്ധത്തെ തുടര്‍ന്ന് സാമ്പത്തിക സമ്മര്‍ദം നേരിടുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിയ്ക്ക് ഇപ്പോഴും 22 കോടിയോളം ഉപയോക്താക്കളുണ്ട്. അതിനാല്‍ വിയെ സംരക്ഷിക്കേണ്ടത് ഇന്ത്യന്‍ ടെലികോം വിപണിയുടെ കൂടെ ആവശ്യകതയാണ്. ഇവിടെ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ഏറ്റവും പ്രധാനവും അദാനിയുടേത് തന്നെയാണ്. അദാനിയുടെ കൈവശം ഇതോടകം തന്നെ ചില സ്‌പെഷല്‍ ഗ്രേഡ് സ്‌പെക്ട്രങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ വിയില്‍ നിക്ഷേപം നടത്തുന്നത് അദാനി ഗ്രൂപ്പിനും നേട്ടമായേക്കും. അതേസമയം ഇതെല്ലാം ഇതുവരെ റിപ്പോര്‍ട്ടുകള്‍ മാത്രമാണ്. മുകളില്‍ പറഞ്ഞ കമ്പനികള്‍ ഒന്നും തന്നെ ഒരു തരത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങളും നടത്തിയിട്ടില്ല. എന്തായാലും വരും ദിവസങ്ങളില്‍ ഇന്ത്യന്‍ ടെലികോം വിപണികളില്‍ നിന്ന് വലിയ ചില വാര്‍ത്തകള്‍ ഉണ്ടായേക്കാം. കാരണം വിയ്ക്ക് പണം ആവശ്യമാണെന്നത് വസ്തുതയാണ്.










