മലപ്പുറം: നിലമ്പൂരിലേത് ശക്തമായ മത്സരമാണെന്നും ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. അൻവറിന്റെ കരുത്ത് ജനങ്ങളാണ്. ഇരു മുന്നണികളെയും പരാജയപ്പെടുത്തും. ഭൂരിപക്ഷം പ്രവചിക്കാൻ ഇല്ലെന്നും അൻവർ ന്യൂസ് ചാനലുകളിൽ പറഞ്ഞു.
തന്റെ മത്സരം ആരെയാണ് ബാധിക്കുക എന്ന് പറയാനാകില്ല. മത്സരം ജനങ്ങൾക്ക് ഗുണം ചെയ്യും. പിണറായിയും വിഡി സതീശനും, ഒരുഭാഗത്തും ജനങ്ങൾ ഒരു ഭാഗത്തും നിൽക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇരുമുന്നണിയിലെയും വോട്ടർമാർ തനിക്ക് ഒപ്പം നിൽക്കും. ജനം വഞ്ചകരെ തോൽപ്പിക്കുമെന്നും പറഞ്ഞ അൻവർ മുഖ്യമന്ത്രിക്ക് മറുപടി ഇന്ന് നൽകുമെന്നും വ്യക്തമാക്കി. വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി നൽകുമെന്നും അൻവർ പറഞ്ഞു.
അതേസമയം, പിവി അൻവറിനെ മുന്നണിയിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വിഭിന്നാഭിപ്രായം. ചർച്ചകൾ പൂർണമായി അവസാനിച്ചുവെന്ന് പ്രഖ്യാപിച്ച ശേഷവും അൻവറിനോട് ചില കോൺഗ്രസ് നേതാക്കൾ സംസാരിച്ചതായാണ് വിവരം. എന്നാൽ മത്സരത്തിൽ നിന്ന് പിന്മാറേണ്ടെന്ന് ഇവർ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പിന് ശേഷം സാഹചര്യം മാറുമെന്നും അപ്പോൾ പരിഗണിക്കാമെന്നും അൻവറിന് പ്രതീക്ഷയും നൽകിയെന്നാണ് വിവരം. അൻവറുമായി ഇനി ചർച്ചയില്ലെന്നാണ് വിഡി സതീശൻ അറിയിച്ചത്.
അതേസമയം, മുസ്ലീം ലീഗ് യോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനം ഉയർന്നു. വിഡി സതീശൻറേത് ഏകാധിപത്യ പ്രവണതയെന്നായിരുന്നു വിമർശനം. പിവി അൻവർ പ്രശ്‌നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. മുസ്ലീം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോൺഗ്രസിൽ നിന്നുണ്ടാകുന്നത്. ഇങ്ങനെ പോയാൽ പാർട്ടിക്ക് വെറെ വഴി നോക്കേണ്ടിവരുമെന്നും യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. കെഎം ഷാജി, എംകെ മുനീർ തുടങ്ങിയവരടക്കമുള്ള പ്രധാന നേതാക്കളാണ് വിമർശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ പറഞ്ഞു.
പ്രശ്‌നപരിഹാരത്തിന് ഇനി കെസി വേണുഗോപാൽ അടക്കമുള്ളവർ വിളിക്കട്ടെ. അപ്പോൾ ബാക്കി നോക്കാമെന്നും വിമർശനമുയർന്നു. വിഡി സതീശനും മുന്നണി മര്യാദ പാലിച്ചില്ല. സതീശനും അൻവറുമാണ് പ്രശ്‌നങ്ങൾ നീളാൻ കാരണം. മുൻപ് ഇത്തരം പ്രശ്‌നങ്ങളിൽ ലീഗ് ഇടപെട്ടാൽ പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസം മുന്നണി പ്രവർത്തകർക്ക് ഉണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിലുണ്ടായിരുന്ന വിശ്വാസ്യത കോൺഗ്രസ് കളഞ്ഞു കുളിച്ചു. 2026 ലെ തെരഞ്ഞെടുപ്പാണ് പ്രധാന വിഷയം. എന്നാൽ അതാരും ഓർത്തില്ലെന്നും അഭിപ്രായമുയർന്നു.
ഏതായാലും അൻവറില്ലാതെ നിലമ്പൂരിൽ വിജയം ഉറപ്പിക്കാനാവില്ലെന്ന് കോൺഗ്രസ്സിലെയും ലീഗിലേയും സാധാരണ പ്രവർത്തകർ കരുതുന്നുണ്ട്..അൻവറിനും ഇതറിയാം. അതുകൊണ്ടുതന്നെ അനുര്ഞ്ജനത്തിന് ഇനിയും സമയുണ്ട്…






