Advertisement
Advertisement
Tuesday, September 15, 2026
Kerala

വിഴിഞ്ഞം പദ്ധതിക്കായി വീണ്ടും കിടപ്പാടം നഷ്ടപ്പെടുമോ?21 വീടുകൾ ഭീഷണിയിൽ; അലൈൻമെന്റിൽ മാറ്റം വേണമെന്ന് മത്സ്യത്തൊഴിലാളികൾ

Advertisement
Advertisement

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ പ്രധാന റെയിൽവേ ലൈനുമായി ബന്ധിപ്പിക്കുന്ന തുരങ്കപാത നിർമാണത്തിനായി ഭൂമിയേറ്റെടുക്കൽ നടപടികൾ പുരോഗമിക്കവേ, പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ കടുത്ത ആശങ്കയിൽ. പദ്ധതിയുടെ രൂപരേഖയും പരിസ്ഥിതി അനുമതിയും ലഭ്യമായെങ്കിലും ടെൻഡർ നടപടികൾ ആരംഭിച്ചിട്ടില്ല. 2028-ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത് സർക്കാരിന് വലിയ വെല്ലുവിളിയാകുകയാണ്.

Advertisement

തുറമുഖ നിർമാണത്തിനായി ഇതിനോടകം തന്നെ കടൽത്തീരവും വീടുകളും നഷ്ടപ്പെട്ടവർക്ക് ഇരട്ടി പ്രഹരമാവുകയാണ് പുതിയ റെയിൽവേ പാതയുടെ വരവ്. നിലവിലെ ഡിസൈൻ അനുസരിച്ച് ടണലിൽ നിന്ന് റെയിൽവേ ലൈൻ തുറമുഖത്തേക്ക് പ്രവേശിക്കുന്ന ഭാഗത്തുമാത്രം 21 വീടുകൾ പൂർണമായും ഒഴിപ്പിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ പദ്ധതിയുടെ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നാണ് പ്രാദേശിക വാസികളുടെ പ്രധാന ആവശ്യം.

വിഴിഞ്ഞത്തുനിന്ന് ബാലരാമപുരം സ്റ്റേഷൻ വരെയുള്ള 10.7 കിലോമീറ്റർ ദൂരത്തിലാണ് പുതിയ പാത വരുന്നത്. ഇതിൽ വിഴിഞ്ഞം കരിമ്പള്ളിക്കരയിൽ നിന്ന് ആരംഭിക്കുന്ന 9.43 കിലോമീറ്റർ ഭാഗം വിഴിഞ്ഞം-മുക്കോല-ബാലരാമപുരം റോഡിന് സമാന്തരമായി ഭൂമിക്കടിയിൽ 30 മീറ്റർ താഴ്ചയിലൂടെയുള്ള തുരങ്കപാതയാണ്. ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ വില്ലേജുകളിലായി 5.523 ഹെക്ടർ ഭൂമിയാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. 1482.92 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്.

​കൊങ്കൺ റെയിൽ കോർപറേഷൻ തയ്യാറാക്കിയ ഡിപിആർ പ്രകാരം പരിസ്ഥിതി സൗഹൃദമായ ‘ന്യൂ ഓസ്ട്രിയൻ ടണലിങ്’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമാണം പദ്ധതിയിട്ടിരിക്കുന്നത്. അതിവേഗം ടെൻഡർ നടപടികളിലേക്ക് കടക്കാൻ സർക്കാർ തയാറെടുക്കുമ്പോഴും, പുനരധിവാസത്തെയും കിടപ്പാടം നഷ്ടപ്പെടുന്നതിനെയും കുറിച്ചുള്ള ആശങ്കയിൽ തന്നെയാണ് നാട്ടുകാർ.

Advertisement
Advertisement
Advertisement
Advertisement
Advertisement