‘ഇനി ആക്രമിക്കില്ല’; ഗൾഫ് രാജ്യങ്ങളോട് ഇറാൻ പ്രസിഡൻ്റിൻ്റെ അപ്രതീക്ഷിത ക്ഷമാപണം; നിരുപാധിക കീഴടങ്ങൽ എന്നത് ശത്രുക്കളുടെ മോഹം മാത്രമെന്നും മുന്നറിയിപ്പ്

പശ്ചിമേഷ്യൻ യുദ്ധം രണ്ടാം ആഴ്ചയിലേക്ക് കടക്കവെ, ലോകത്തെ ഞെട്ടിച്ചുകൊണ്ട് നിർണ്ണായക നയതന്ത്ര പ്രസ്താവനയുമായി ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷേഷ്കിയാൻ. ഇറാൻ തങ്ങളുടെ അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ നിർത്താൻ തീരുമാനിച്ചതായും ഇതിനകം ഉണ്ടായ നാശനഷ്ടങ്ങളിൽ അയൽരാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.

ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഇറാൻ പ്രസിഡന്റ് ഈ അപ്രതീക്ഷിത നിലപാട് വ്യക്തമാക്കിയത്. മറ്റൊരു രാജ്യത്തെയും ആക്രമിക്കാൻ ഇറാന് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സമാധാനത്തിന്റെ കൈ നീട്ടുമ്പോഴും രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പെഷേഷ്കിയാൻ ആവർത്തിച്ചു. ഇസ്രായേലും അമേരിക്കയും ആവശ്യപ്പെടുന്നതുപോലെ ഇറാൻ നിരുപാധികമായി കീഴടങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“ഇറാൻ ജനത നിരുപാധികമായി കീഴടങ്ങണമെന്ന ശത്രുക്കളുടെ മോഹം അവർക്ക് അവരുടെ ശവക്കുഴികളിലേക്ക് കൊണ്ടുപോകാം,” അദ്ദേഹം കർശനമായ ഭാഷയിൽ പറഞ്ഞു. കീഴടങ്ങൽ സ്വപ്നം കാണുന്നവർ പരാജയപ്പെടുമെന്നും രാജ്യത്തിന്റെ അന്തസ്സ് സംരക്ഷിക്കാൻ ഇറാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അയൽരാജ്യങ്ങളുമായുള്ള ബന്ധം

മേഖലയിലെ സമാധാനവും സ്ഥിരതയും മുൻനിർത്തിയാണ് സൈനിക നടപടികൾ നിർത്താൻ തീരുമാനിച്ചതെന്ന് പെഷേഷ്കിയാൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഉണ്ടായ മിസൈൽ ആക്രമണങ്ങൾ ആശയവിനിമയത്തിലെ പിഴവുകൾ മൂലം സംഭവിച്ചതാണെന്ന സൂചനയും അദ്ദേഹം നൽകി.

ഇനി മുതൽ അയൽരാജ്യങ്ങളിൽ നിന്ന് ഇറാനുനേരെ ആക്രമണം ഉണ്ടാകാത്ത പക്ഷം അങ്ങോട്ട് മിസൈൽ വിക്ഷേപിക്കില്ലെന്ന് താൽക്കാലിക ഭരണസമിതി തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. അന്താരാഷ്ട്ര സമ്മർദ്ദവും ആഭ്യന്തര പ്രതിസന്ധികളുമാണ് ഇറാന്റെ ഈ മനംമാറ്റത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

പുടിനുമായുള്ള ചർച്ച

പ്രസംഗത്തിന് മുന്നോടിയായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പെഷേഷ്കിയാൻ ഫോണിൽ സംസാരിച്ചു. ഇറാന്റെ പരമാധികാരത്തിന് റഷ്യൻ പിന്തുണ അദ്ദേഹം ഉറപ്പുവരുത്തി. യുദ്ധം അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നുമാണ് പുടിൻ ആവശ്യപ്പെട്ടത്.

ബലപ്രയോഗത്തിലൂടെയല്ല, മറിച്ച് സംഭാഷണത്തിലൂടെയാകണം പരിഹാരമെന്ന് പുടിൻ ഊന്നിപ്പറഞ്ഞു. അമേരിക്കയും ഇസ്രായേലും ഇറാന്റെ സൈനിക ശേഷി തകർത്തുവെന്ന് അവകാശപ്പെടുമ്പോഴാണ് റഷ്യയുടെ ഈ പിന്തുണ ഇറാനെ സംബന്ധിച്ച് നിർണ്ണായകമാകുന്നത്.

Top News from last week.

Latest News

More from this section