ട്രംപിൻറെ താരിഫ് സമ്മർദത്തിന് വഴങ്ങില്ല; സഹകരണം ദൃഢമാക്കി ഇന്ത്യയും റഷ്യയും ചൈനയും; റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്ന് മോദി

 

 

ദില്ലി: ഡോണൾഡ് ട്രംപിൻറെ താരിഫ് സമ്മർദ്ദത്തിനെതിരെ സഹകരണം ദൃഢമാക്കി ഇന്ത്യയും ചൈനയും റഷ്യയും. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡൻറ് പുടിനെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണം സംയുക്ത പ്രസ്താവനയിൽ പരാമർശിച്ച് ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ചു. റഷ്യയും ഇന്ത്യയും ചൈനയും ഏറെ നാളുകൾക്കുശേഷം ഒരേ നിലപാടിലേക്കെത്തുന്ന അസാധാരണ ദൃശ്യമാണ് ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ പുറത്തു വന്നത്. വ്‌ളാദിമിർ പുടിനും നരേന്ദ്ര മോദിയും ഉച്ചകോടിയുടെ വേദിയിൽ കണ്ടുമുട്ടിയപ്പോൾ പരസ്പരം ആലിംഗനം ചെയ്തു. പുടിനെ കാണുന്നത് ആഹ്‌ളാദകരമെന്ന് മോദി കുറിച്ചു. പിന്നീട് രണ്ടു നേതാക്കളും ഷി ജിൻപിങിൻറെ അടുത്തെത്തി ഹ്രസ്വ ചർച്ച നടത്തി.

 

ഷാങ്ഹായി സഹകരണ ഉച്ചകോടിയുടെ ഫോട്ടോ സെഷനുശേഷം ഒരിക്കൽ കൂടി നേതാക്കൾ കണ്ടു. യുക്രെയ്ൻ യുദ്ധം ഇന്ത്യ നടത്തുന്നുവെന്ന ആരോപണത്തിനിടെ നരേന്ദ്ര മോദിയുടെ പുടിനും ഉച്ചകോടിയുടെ വേദിയിൽ നിന്ന് ഒരേ കാറിലാണ് മടങ്ങിയത്. ഈ ചിത്രവും മോദി ട്വീറ്റ് ചെയ്തു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ ട്രംപിൻറെ ഭീഷണി കണക്കിലെടുക്കുന്നില്ലെന്ന് വ്യക്തമായ സൂചനയാണ് മോദി നല്കിയത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും എന്ന സന്ദേശമാണ് പുടിന് മോദി നല്കിയത്.

 

ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ച പ്രസ്താവനയും ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ ബന്ധം മെച്ചപ്പെടുന്നുവെന്ന സൂചന നല്കി. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കടുത്ത നയം വേണമെന്ന് പ്രസ്താവന ആവശ്യപ്പെടുന്നു. പഹൽഗാം ഭീകരാക്രമണത്തിൻറെ സ്‌പോൺസർമാരെയും നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു. പാകിസ്ഥാനിലെ ജാഫർ എക്‌സ്പ്രസ് ആക്രമണത്തെക്കുറിച്ചും പ്രസ്താവനയിൽ പരാമർശമുണ്ട്. ഭീകരവാദത്തെ നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല എന്ന നരേന്ദ്ര മോദിയുടെ നിർദ്ദേശവും പ്രസ്താവനയിൽ ഇടം പിടിച്ചു.

 

ഇറാനിലെ അമേരിക്കൻ ഇസ്രയേൽ ആക്രമണത്തെ പ്രസ്താവന അപലപിച്ചു. ഗാസയിൽ വെടിനിർത്തൽ യാഥാർത്ഥ്യമാക്കണമെന്നും പലസ്തീനിയൻ പ്രശ്‌നം കൂടി കണക്കിലെടുത്തുള്ള പരിഹാരം വേണമെന്നും പ്രസ്താവന നിർദ്ദേശിക്കുന്നു. റഷ്യ ഇന്ത്യ ബന്ധം എത്ര ശക്തമാണെന്ന് തെളിയിക്കുന്നതാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ കാഴ്ചകൾ. ചൈന കൂടി ഈ ഇതിൻറെ ഭാഗമാകുന്നതോടെ അമേരിക്കൻ ആധിപത്യവും ഏകപക്ഷീയ നടപടികളും അംഗീകരിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഡോണൾഡ് ട്രംപിന് മോദിയും പുടിനും ഷിയും നൽകുന്നത്.

Top News from last week.

Latest News

More from this section