ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കില്ല, പിണറായി വിജയന് ഇളവ് നൽകും’: പ്രകാശ് കാരാട്ട്

 

ന്യൂഡൽഹി: സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട്. മൂന്ന് ടേം പൂർത്തിയായതിനാൽ മാറി നിൽക്കുമെന്ന് പ്രകാശ് കാരാട്ട് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പിണറായി വിജയൻ മുഖ്യമന്ത്രി കൂടിയായതിനാൽ ഇളവ് നൽകാമെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.

‘ജനറൽ സെക്രട്ടറിയാകുന്നതിന് മൂന്ന് ടേം എന്ന പരിധിയുണ്ട്. മൂന്ന് ടേം പൂർത്തിയായാൽ ജനറൽ സെക്രട്ടറിയാകാൻ പറ്റില്ല. 75 വയസ് കഴിഞ്ഞാലും നടക്കില്ല. ലോക്കൽ സെക്രട്ടറി മുതൽ ജനറൽ സെക്രട്ടറി വരെയുള്ള ആളുകളിൽ 3 ടേം എന്ന നിബന്ധന പാർട്ടി ഭരണഘടന പറയുന്നുണ്ട്. പക്ഷേ ചിലപ്പോൾ അസാധാരണമായ സാഹചര്യങ്ങളുണ്ടാകാം. ചിലപ്പോൾ പ്രത്യേക നടപടികൾ എടുക്കേണ്ടി വരും. എന്നാൽ ഇന്ന് അത്തരത്തിലുള്ള ഒരു അസാധാരണ സാഹചര്യമില്ല’, അദ്ദേഹം പറഞ്ഞു.

കണ്ണൂർ പാർട്ടി കോൺഗ്രസിലാണ് 75 എന്ന പ്രായ പരിധി പ്രാബല്യത്തിൽകൊണ്ടുവന്നതെന്നും പാർട്ടിയിലെ എല്ലാ തലത്തിലും അത് പ്രാബല്യത്തിൽ വരുത്തിയെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കേന്ദ്ര കമ്മിറ്റിക്ക് 75 ആണ് പ്രായപരിധിയെന്നും സംസ്ഥാനങ്ങളിൽ അതിൽ വ്യത്യാസസമുണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

‘എന്നാൽ നേതാക്കളോ പ്രവർത്തകരോ കമ്മിറ്റിയിൽ നിന്ന് പോകുന്നുവെന്നതല്ല അതിനർത്ഥം. അവർ അവരുടെ രാഷ്ട്രീയ പ്രവർത്തനം തുടരും. അവരുടെ അനുഭവവും കഴിവും അനുസരിച്ചുള്ള പ്രവർത്തികളും പാർട്ടി നൽകും. പുതിയ ആളുകളെ കൊണ്ടുവന്ന് പാർട്ടിയെ പുതുക്കേണ്ടതുണ്ട്. എല്ലാ മൂന്ന് വർഷവും ചിലയാളുകൾ പുറത്ത് പോകുകയും ചിലയാളുകൾ കമ്മിറ്റിയിലേക്ക് വരികയും ചെയ്യും’, പ്രകാശ് കാരാട്ട് പറഞ്ഞു.

പിണറായി വിജയന്റെ കാര്യത്തിലും ചെറിയ സൂചന പ്രകാശ് കാരാട്ട് നൽകിയിട്ടുണ്ട്. പ്രായപരിധിയിൽ ഏതെങ്കിലും സഖാവിനെ മാറ്റി നിർത്തുകയും കമ്മിറ്റിയിൽ തുടരാൻ അനുവദിക്കുകയും വേണമെന്ന സാഹചര്യമാണെങ്കിൽ അതും പരിശോധിക്കുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. മധുരയിൽ അതിനുള്ള ചർച്ച നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാർട്ടി കോൺഗ്രസും പിണറായി വിജയന് ഇളവ് നൽകിയിരുന്നു.

മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയെ കുറിച്ചും പ്രകാശ് കാരാട്ട് പ്രതികരിച്ചു. നയരേഖ പാർട്ടി നയങ്ങളുടെ മാറ്റമല്ലെന്നും മുമ്പും സ്വകാര്യവവൽക്കരണത്തിനുള്ള തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ മാത്രം സോഷ്യലിസം നടപ്പാക്കാനാകില്ല. നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിൽ തെറ്റില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

Top News from last week.

Latest News

More from this section