ബിഗ് ബോസ് മലയാളം സീസൺ 7 ആവേശകരമായ 12-ാം വാരത്തിലൂടെ മുന്നേറുമ്പോൾ മത്സരാവേശത്തിലാണ് ഹൗസും മത്സരാർഥികളും. ടോപ്പ് 5 ലേക്ക് കൂട്ടത്തിൽ ഒരാൾക്ക് നേരിട്ട് പ്രവേശനത്തിന് വഴിയൊരുക്കുന്ന ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് ഈ ആഴ്ചത്തെ ഹൈലൈറ്റ്. അതിനാൽത്തന്നെ ഈ സീസണിൽ ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ മത്സരാവേശത്തിലുമാണ് ഹൗസ്. ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളിലെ നാലാമത്തെ ടാസ്‌ക് ആണ് ഇന്നലെ് ബിഗ് ബോസ് നൽകിയത്. പ്രയാസകരമായ മത്സരത്തിൽ ഗംഭീര പോരാട്ടമാണ് പോയിൻറ് ടേബിളിൽ മുൻനിരയിൽ നിൽക്കുന്ന മത്സരാർഥികൾ നൽകിയത്. പോയിൻറ് ടേബിളിൽ ഒന്നാമതെത്താനും കടുത്ത മത്സരമാണ് ഇപ്പോൾ നടക്കുന്നത്.
ആക്റ്റിവിറ്റി ഏരിയയിൽ ആയിരുന്നു ഇന്നലത്തെ ടാസ്‌ക്. 9 പേർക്കും നിൽക്കാനുള്ള പോഡിയങ്ങൾ ബിഗ് ബോസ് തയ്യാറാക്കിയിരുന്നു. ഓരോന്നിനും മുകളിലായി ഒരു കൈ ഉയർത്തിയാൽ തൊടാവുന്ന രീതിയിൽ ഒരു പ്ലാറ്റ്‌ഫോമും മുകളിൽ നിന്ന് കെട്ടിനിർത്തിയ രീതിയിൽ തയ്യാറാക്കിയിരുന്നു. അതിലെ ഒരു വിടവ് തുറക്കാനുള്ള താക്കോൽ കണ്ടെത്തുകയാണ് മത്സരാർഥികൾ ആദ്യം ചെയ്യേണ്ടിയിരുന്നത്. താക്കോൽ ഇട്ടാൽ തുറന്നുവരുന്ന ഭാഗത്ത് ഒരു കൈ ഉപയോഗിച്ച് തടസം സൃഷ്ടിക്കുകയാണ് വേണ്ടിയിരുന്നത്. കൈ മാറ്റിയാൽ അതിൽ നിറച്ചിരിക്കുന്ന പൊടി ദേഹത്തേക്ക് വീഴുകയും അയാൾ പുറത്താവുകയും ചെയ്യും. പുറത്തായ മത്സരാർഥികൾക്ക് ബിഗ് ബോസ് നൽകിയിരുന്ന സോഫ്റ്റ് ബോൾ ഉപയോഗിച്ച് മത്സരം തുടരുന്ന മത്സരാർഥികളെ എറിഞ്ഞ് തടസം സൃഷ്ടിക്കാൻ സാധിക്കുമായിരുന്നു.
മത്സരത്തിൽ ആദ്യം പുറത്തായത് ഷാനവാസ് ആണ്. ഷാനവാസിന് ഒരു പോയിൻറ് ലഭിച്ചു. രണ്ടാമത് അനീഷും മൂന്നാമത് നെവിനും നാലാമത് സാബുമാനും അഞ്ചാമത് ആദിലയും ആറാമത് അക്ബറും പുറത്തായി. അത്രയും പോയിൻറുകളും ഓരോരുത്തർക്കും ലഭിച്ചു. നൂറയും ആര്യനും തമ്മിലായിരുന്നു ഏറ്റവും കൂടുതൽ പോയിൻറിനുവേണ്ടിയുള്ള അന്തിമ പോരാട്ടം. അതിൽ ആര്യനാണ് ജയിച്ചത്. അങ്ങനെ ആര്യന് 9 പോയിൻറുകളും നൂറയ്ക്ക് 8 പോയിൻറുകളും ലഭിച്ചു. എന്നാൽ ടിക്കറ്റ് ടു ഫിനാലെയിൽ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ പോയിൻറ് ടേബിളിൽ ആര്യനേക്കാൾ ഒരു പോയിൻറ് മുന്നിൽ നൂറയാണ്. ടിക്കറ്റ് ടു ഫിനാലെയിൽ 4 മത്സരങ്ങൾ പിന്നിട്ടപ്പോഴുള്ള പോയിൻറ് നില ഇങ്ങനെ..
1. നൂറ- 30
2. ആര്യൻ- 29
3. അക്ബർ- 23
4. നെവിൻ- 21
5. സാബുമാൻ- 19
6. അനുമോൾ- 19
7. ആദില- 16
8. ഷാനവാസ്- 13
9. അനീഷ്- 11









