നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന കാര്യത്തിൽ തൃണമൂൽ കോൺഗ്രസ് യോഗത്തിനുശേഷം തീരുമാനം. പിവി അൻവർ ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. അതിനാൽ അൻവറിന്റെ ഇനിയുള്ള തീരുമാനം നിർണായകമാണ്. നാളെ വൈകിട്ടോടെ നിലമ്പൂരിലെ സ്ഥാനാർഥികളുടെ ചിത്രം തെളിയും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും. എൻഡിഎ മുന്നണിയിൽ ബിഡിജെഎസ് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
ചർച്ചകൾക്കിടെ നിലമ്പൂരിൽ പിവി അൻവറിനായി പോസ്റ്ററുകൾ. പി വി അൻവർ ‘തുടരും’ എന്നാണ് ഫ്‌ലക്‌സ് ബോർഡുകൾ. ടിഎംസി വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെയും ചുങ്കത്തറ കൂട്ടായ്മയുടെയും പേരിലാണ് പോസ്റ്ററുകൾ. പി വി അൻവർ ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന ചർച്ചകൾക്കിടയാണ് ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
പി വി അൻവറുമായി തത്കാലം കൂടിക്കാഴ്ച വേണ്ടെന്നാണ് കെ സി വേണുഗോപാലിന്റെ തീരുമാനം. അൻവറിനെ കാണാതെയാണ് കെ സി വേണുഗോപാൽ മടങ്ങിയത്. അൻവർ വിഷയത്തിൽ താൻ ചർച്ച നടത്തില്ലെന്നും കേരളത്തിൽ കൊള്ളാവുന്ന നേതൃത്വം ഉണ്ടെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. ചർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമസൃഷ്ടി എന്നും കെ സി വേണുഗോപാൽ പറഞ്ഞു.
പിവി അൻവറുമായി ഉണ്ടായ കമ്മ്യൂണികേഷൻ ഗ്യാപ്പ് പരിശോധിക്കുമെന്നും സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തുമെന്നുമായിരുന്നു കെ സി വേണുഗോപാൽ നേരത്തെ പ്രതികരിച്ചത്. അൻവറിനെ ഒറ്റപ്പെടുത്തണമെന്ന് ആരും കരുതിയിട്ടില്ല. അൻവർ രാജിവെച്ച പൊതു ആവശ്യത്തിനായി വർഷങ്ങളായി നിലകൊള്ളുന്നവരാണ് കോൺഗ്രസുകാർ. പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കെ സി വേണുഗോപാലിന്റെ പ്രതികരണത്തിൽ സന്തോഷമെന്ന് അൻവറും പ്രതികരിച്ചിരുന്നു.
ഇന്നലെ പ്രതിപക്ഷ നേതാവിനെതിരെ അൻവർ ആഞ്ഞടിച്ചിരുന്നു. യുഡിഎഫുമായി സഹകരിക്കുന്നത് അൻവർ തീരുമാനിക്കട്ടെ എന്ന വിഡി സതീശന്റെ വാക്കുകളാണ് അൻവറിനെ ചൊടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് തന്നെ വസ്ത്രാഭിഷേകം നടത്തി ചെളിവാരി എറിയുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. മെയ് 15ന് വിഡി സതീശനുമായി എറണാകുളത്ത് കൂടിക്കാഴ്ച നടത്തിപ്പിരിഞ്ഞതാണ്. രണ്ടുദിവസത്തിനകം മുന്നണി പ്രവേശനം ഉറപ്പു തന്നു. പിന്നീട് ഒരു വിവരവുമില്ല. കാലു പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണ് -അൻവർ പറഞ്ഞു.






