’മോദിയുടെ അനുയായിയായി ആജീവനാന്തം തുടരും’; ബിജെപി ദേശീയ വക്താവ് സ്ഥാനം ഒഴിഞ്ഞ് ഷെഹ്സാദ് പൂനവാല


ന്യൂഡൽഹി: ബിജെപി ദേശീയ വക്താവ് സ്ഥാനത്ത് നിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിഞ്ഞുകൊണ്ട് ഷെഹ്സാദ് പൂനവാല നേതൃത്വത്തിന് വീണ്ടും രാജിക്കത്ത് നൽകി. മുൻപ് സമർപ്പിച്ച രാജി നേതൃത്വം സ്വീകരിക്കാതിരുന്നതിനെ തുടർന്ന്, പാർട്ടിയുടെ എല്ലാവിധ ചുമതലകളിൽ നിന്നും തന്നെ പൂർണ്ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം പുതിയ കത്ത് കൈമാറിയത്.

വ്യക്തിപരമായ കാരണങ്ങളാലും അടിയന്തിര സാമ്പത്തിക ചുറ്റുപാടുകളാലുമാണ് സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള ഈ പിന്മാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. രാജിക്കത്തിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടായ ‘എക്സിലെ’ വിവരണം അദ്ദേഹം തിരുത്തി എഴുതി. ബിജെപി ദേശീയ വക്താവ് എന്ന വിശേഷണം നീക്കിയ അദ്ദേഹം, താൻ ആജീവനാന്തം നരേന്ദ്ര മോദിയുടെ അനുയായിയായി തുടരുമെന്ന് പ്രൊഫൈലിൽ പുതുതായി ചേർത്തുവെച്ചു.
2017-ൽ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ സുതാര്യതയില്ലായ്മയിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടാണ് പൂനവാല ബിജെപിയിൽ അംഗത്വമെടുക്കുന്നത്. പിന്നീട് പാർട്ടിയുടെ ദേശീയ വക്താവായി മാറിയ അദ്ദേഹം ടെലിവിഷൻ ചാനൽ ചർച്ചകളിൽ ബിജെപിയുടെ ശക്തമായ ശബ്ദവും പ്രധാന മുഖവുമായിരുന്നു.
സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി സ്വകാര്യ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന സൂചന നൽകുന്നുണ്ടെങ്കിലും, ഈ അപ്രതീക്ഷിത തീരുമാനം ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ അദ്ദേഹം മറ്റ് രാഷ്ട്രീയ വഴികൾ തിരഞ്ഞെടുക്കുമോ അതോ പിന്മാറ്റം ശാശ്വതമാണോ എന്നത് വരും ദിവസങ്ങളിലേ വ്യക്തമാകൂ.









