കണ്ണൂർ: കുറ്റാന്വേഷണത്തിൽ സത്യം തേടിയുള്ള യാത്രയാണ് റിട്ട എസ് പി പി .പി സദാനന്ദൻ്റെ സത്യത്തിൻ്റെ സാക്ഷി എന്ന ഗ്രന്ഥമെന്ന് പ്രമുഖ കഥാകൃത്ത് ടി പത്മനാഭൻ പറഞ്ഞു. റിട്ട എ.ഡി .ജി .പി ബി സന്ധ്യ പുസ്തകം ഏറ്റുവാങ്ങി. ആരെയും ഇകഴ്ത്താനും പുകഴ്ത്താനും പിശുക്ക് കാണിക്കുന്ന റിട്ട ഡി ജിപി എ ഹേമചന്ദ്രൻ ഈ പുസ്തകത്തിന് അവതാരിക എഴുതി എന്നത് തന്നെ ഏറെ ശ്രദ്ധേയമായ കാര്യമാണ്. സത്യം തേടിപ്പോയ ഒരു പോലീസ് ഓഫീസർക്ക് മുന്നിൽ ഒരു പാട് വെല്ലുവിളികളുണ്ടാകും. അവയൊക്കെ അതിജീവിച്ച് മുന്നേറുമ്പോൾ മാത്രമാണ് അയാൾക്ക് സമൂഹത്തിൻ്റെ അംഗീകാരം ലഭിക്കുകയുള്ളൂവെന്നും പത്മനാഭൻ പറഞ്ഞു. സദാനന്ദൻ്റെ പുസ്തകം പുതിയ തലമുറക്കാർക്ക് വായിക്കാനുതകുന്ന തരത്തിൽ പാഠപുസ്തകമാക്കി മാറ്റാൻ താൻ ആഭ്യന്തര മന്ത്രി രമേശ്. ചെന്നിത്തലയോട് ശുപാർശ ചെയ്യുമെന്നും പത്മനാഭൻ പറഞ്ഞു.
പെരിയ , പൊന്ന്യം ബാങ്ക് കവർച്ച, കാസർകോടൻ അതിർത്തി ഗ്രാമങ്ങളിലെ ഏറ്റുമുട്ടലുകൾ, അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളായ കവർച്ചാ കേസുകളുടെ അന്വേഷണങ്ങൾ എന്നിവ ഈ ഗ്രന്ഥത്തിലുണ്ട്.
നാരായണൻ കാവുമ്പായി അധ്യക്ഷത വഹിച്ചു. വി.കെ. സുരേഷ് ബാബു പുസ്തകം പരിചയപ്പെടുത്തി. എം. പി. പ്രശാന്ത്, സി.കെ. വിജയൻ, ജി. ജഗദീഷ് എന്നിവർ പ്രസംഗിച്ചു. പി.പി. സദാനന്ദൻ മറുപടി പ്രസംഗം നടത്തി.









