ലോൺ ആപ്പിൽ നിന്ന് കടമെടുത്ത യുവതിക്ക് ഭീഷണി; മോർഫ് ചെയ്ത നഗ്‌നചിത്രങ്ങൾ ബന്ധുവിനും സുഹൃത്തുക്കൾക്കും അയച്ച് ഭീഷണിപ്പെടുത്തിയതായി പരാതി

മുംബൈ: യുവതിയുടെ മോർഫ് ചെയ്ത നഗ്‌ന ചിത്രങ്ങൾ ബന്ധുവിനും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്ത് ലോൺ ആപ്പ് ഭീഷണിപ്പെടുത്തിയതായി പരാതി. ലോൺ ആപ്പ് വഴി കടമെടുത്ത 1,300 രൂപയ്ക്ക് തിരികെ അതിൽക്കൂടുതൽ പണം നൽകിയിട്ടും ഭീഷണിപ്പെടുത്തൽ തുടരുകയായിരുന്നു ആപ്പ് അധികൃതർ എന്ന് മുംബൈയിലെ 25 വയസുകാരിയായ യുവതിയുടെ പരാതിയിൽ പറയുന്നതായി പൊലീസിനെ ഉദ്ദരിച്ച് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ജോഗേശ്വരി വെസ്റ്റിലെ ക്രാന്തി സ്വദേശിയായ 25 വയസുകാരിയാണ് ലോൺ ആപ്പിൽ നിന്ന് ദുരനുഭവം നേരിട്ടതായി പരാതിയുമായി മുംബൈ പൊലീസിനെ സമീപിച്ചത്. ഇൻസ്റ്റഗ്രാമിലെ പരസ്യം കണ്ട് ‘ക്യാഷ് ലോൺ’ എന്ന് പേരുള്ള ആപ്പിൽ നിന്ന് യുവതി പണം കടമെടുക്കുകയായിരുന്നു എന്ന് പരാതി അടിസ്ഥാനമാക്കി പൊലീസ് പറയുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് യുവതിയുടെ പരാതിയുള്ളത്. യുവതി ഇക്കഴിഞ്ഞ ജൂലൈ 20-ന് ലോൺ ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം ആദ്യം ആധാർ കാർഡും ബാങ്ക് അക്കൗണ്ട് ഡീറ്റൈൽസും അടക്കമുള്ള വ്യക്തി വിവരങ്ങൾ സമർപ്പിച്ചു. ഇതിന് ശേഷം 2,000 രൂപ ലോണിന് അപേക്ഷിച്ചു. അപേക്ഷിച്ചത് രണ്ടായിരം രൂപയ്ക്കെങ്കിലും ആറ് ദിവസത്തെ കാലാവധിയിൽ 1,300 രൂപയായിരുന്നു ആപ്പിൽ നിന്ന് യുവതിക്ക് ലഭിച്ചത്. തിരിച്ചടവിനുള്ള ആറ് ദിവസത്തെ കാലാവധി അവസാനിക്കും മുമ്പേ യുവതിക്ക് ആപ്പ് അധികൃതരിൽ നിന്ന് ഭീഷണികൾ വന്നുതുടങ്ങിയതായി പരാതിയിൽ പറയുന്നു. ലോൺ ആപ്പിലെ ജോലിക്കാരൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ, ഉടൻ പണം തിരികെ തന്നില്ലെങ്കിൽ നഗ്‌നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

ഭീഷണിയിൽ ഭയന്ന യുവതി 1,000 രൂപ വീതം രണ്ടുവട്ടം സന്ദേശ് കുമാർ എന്ന് പേരുള്ള വ്യക്തിക്ക് ഒരു പേയ്മെൻറ് ആപ്പ് വഴി അയച്ചുകൊടുത്തു. എന്നിട്ടും ലോൺ ആപ്പ് അധികൃതർ ബ്ലാക്ക്മെയിൽ തുടർന്നതായി യുവതി പരാതിയിൽ വിശദീകരിക്കുന്നു. പണം തിരികെ നൽകി അര മണിക്കൂറിന് ശേഷം അടുത്ത ബന്ധുവിന് യുവതിയുടെ മോർഫ് ചെയ്ത നഗ്‌നചിത്രങ്ങൾ വാട്സ്ആപ്പ് വഴി പരിചയമില്ലാത്ത നമ്പറിൽ നിന്ന് ലഭിച്ചു. മിനിറ്റുകൾക്ക് ശേഷം ഇതേ ചിത്രങ്ങൾ യുവതിയുടെ മറ്റ് രണ്ട് സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് മുഖാന്തരം ലഭിച്ചു. കൂടുതൽ പണം കൈക്കലാക്കാനാണ് തട്ടിപ്പ് സംഘത്തിൻറെ ശ്രമം എന്ന് മനസിലാക്കിയതോടെ 25 വയസുകാരിയായ യുവതിയും കുടുംബവും പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top News from last week.

Latest News

More from this section