സ്ത്രീകൾക്ക് മാനസികവും ശാരീരികവുമായ കരുത്ത് പകരാനും ജീവിതശൈലീ രോഗങ്ങളെ നേരിടാനും മാലൂർ ഗ്രാമപഞ്ചായത്തിൽ വനിതാ ഫിറ്റ്നസ് സെന്റർ ഒരുങ്ങുന്നു. മാലൂർ പനമ്പറ്റയിലെ വയോജന ക്ഷേമ മന്ദിരത്തിൽ അടുത്ത മാസം പ്രവർത്തനമാരംഭിക്കും.
പഞ്ചായത്തിന്റെ 2022-23 വർഷത്തെ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സെന്റർ സജ്ജീകരിച്ചത്. 2.5 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ട്രെഡ്മിൽ, ജിം ബെഞ്ച്, ഡംബെല്ലുകൾ, സൈക്കിൾ, പുഷ്അപ്പ് ബാറുകൾ തുടങ്ങിയ ഉപകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കാർഡിയോ ട്രെയിനിംഗ്, ഡയറ്റ് ന്യൂട്രീഷൻ, വെയിറ്റ് ലോസ്, വെയിറ്റ് ഗെയിൻ, വെയിറ്റ് കൺട്രോൾ ട്രെയിനിംഗുകൾ, പേഴ്സണൽ ട്രെയിനിംഗ് മുതലായവയാണ് ലഭ്യമാകുന്ന സേവനങ്ങൾ. ഒരു വനിതാ ട്രെയിനറെയും രജിസ്റ്ററുകൾ കൈകാര്യം ചെയ്യുന്നതിനും പൊതുവായ പ്രവർത്തനങ്ങളുടെ സംഘാടനത്തിനായി ഒരു കെയർ ടേക്കറെയും നിയമിക്കും.
ഫിറ്റ്നസ് സെന്റർ ജനകീയ പരിപാലന സമിതിയാണ് മേൽനോട്ടം വഹിക്കുക. പഞ്ചായത്ത് പ്രസിഡണ്ട്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ, പഞ്ചായത്ത് സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ, ഐ സി ഡി എസ് സൂപ്പർവൈസർ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ, വാർഡ് മെമ്പർ, കെയർടേക്കർ, ഫിറ്റ്നെസ് പരിശീലന പരിജ്ഞാനമുള്ള നോമിനേറ്റ് ചെയ്യപ്പെടുന്ന മൂന്നു പേർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
രാവിലെയും വൈകിട്ടുമാണ് കേന്ദ്രം പ്രവർത്തിക്കുക. ചെറിയൊരു തുക ഫീസായി ഈടാക്കും.
ജീവിതശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചത്. കൂടുതൽ സൗകര്യങ്ങളോടെയുള്ള ഇടം ലഭ്യമായാൽ അവിടേക്ക് മാറ്റി സെന്റർ വിപുലീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി ഹൈമാവതി പറഞ്ഞു.