രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണം; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കര്‍ണാടക കോണ്‍ഗ്രസ്

ദില്ലി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍ പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കര്‍ണാടകയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. മഹാദേവപുര എന്ന നിയമസഭാ മണ്ഡലത്തില്‍ ഇരട്ട, വ്യാജവോട്ടുകള്‍ വ്യാപകമായി വോട്ടര്‍പട്ടികയിലുണ്ടെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ഈ മണ്ഡലം അടങ്ങുന്ന ബംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടികയിലെ പൊരുത്തക്കേടുകള്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ടതും അനുബന്ധ രേഖകളും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഹുലിന്റെ ആരോപണത്തില്‍ അന്വേഷണം തുടങ്ങിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു. രാഹുല്‍ഗാന്ധി ഉന്നയിച്ച രേഖകള്‍ പരിശോധിച്ച് വരികയാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കെ അന്‍പുകുമാര്‍ അറിയിച്ചെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും വ്യക്തമാക്കി.

 

Top News from last week.