അയ്യപ്പ സംഗമത്തിന് ആശംസകളുമായി യോഗി ആദിത്യനാഥ്; ബിജെപി വെട്ടിൽ

തിരുവനന്തപുരം: ഇന്ന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിനെതിരെ ബിജെപിയുടെ എതിർപ്പ് തുടരുന്നതിനിടെ, പരിപാടിക്ക് പിന്തുണയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പരിപാടിയിലേക്ക് സംസ്ഥാന സർക്കാർ അയച്ച ക്ഷണം സ്വീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗോള അയ്യപ്പസംഗമത്തിന് ആശംസകൾ നേർന്നത്. ശബരിമലയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആഗോള അയ്യപ്പസംഗമത്തിന് കഴിയട്ടെയെന്നും യോഗി പറഞ്ഞു.

 

‘ധർമ്മത്തിന്റെ ദിവ്യരക്ഷകനാണ് അയ്യപ്പൻ. അദ്ദേഹത്തെ ആരാധിക്കുന്നത് ധർമ്മത്തിന്റെ പാതയെ പ്രകാശിപ്പിക്കുകയും സാത്വിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ഭക്തരെ പ്രചോദിപ്പിക്കുന്നു. ഐക്യവും സൗഹാർദ്ദവും ശക്തിപ്പെടുത്താൻ പൗരാണിക ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ കാഴ്ചപ്പാടിൽ, ആഗോള അയ്യപ്പസംഗമം വളരെ പ്രാധാന്യമർഹിക്കുന്നു,’ ആദിത്യനാഥ് സർക്കാരിന് അയച്ച സന്ദേശത്തിൽ പറഞ്ഞു.

 

ക്ഷണത്തിന് ദേവസ്വം മന്ത്രി വിഎൻ വാസവന് ആദിത്യനാഥ് നന്ദി അറിയിക്കുകയും ചെയ്തു. പ്രതിപക്ഷവും സംസ്ഥാനത്തെ ബിജെപിയും അയ്യപ്പ സംഗമം ബഹിഷ്‌കരിക്കാൻ തീരുമാനിച്ച സമയത്താണ് യോഗിയുടെ ആശംസ. സമ്മേളനത്തോട് സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സംസ്ഥാന ബിജെപിയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. എസ്എൻഡിപി, കെപിഎംഎസ്, എൻഎസ്എസ് തുടങ്ങിയ പ്രമുഖ ഹിന്ദു സംഘടനകൾ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ, ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന പരിപാടിയിൽ നിന്ന് വിട്ടുനിൽക്കരുതെന്നായിരുന്നു ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി തുടങ്ങിയ ഹിന്ദുത്വ സംഘടനകൾ സംഗമത്തോട് സഹകരിക്കേണ്ടെന്ന് തീരുമാനിച്ചു.

Top News from last week.

Latest News

More from this section