നിശബ്ദനാക്കാം, പക്ഷേ പരാജയപ്പെടുത്താനാവില്ല’; എഎപിയിലെ പോര് പരസ്യമാക്കി രാഘവ് ഛദ്ദയുടെ വീഡിയോ സന്ദേശം

തന്നെ പാർലമെൻ്റിൽ സംസാരിക്കുന്നതിൽ നിന്ന് തടയാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു
ആം ആദ്മി പാർട്ടിയിലെ (AAP) ആഭ്യന്തര കലഹം പരസ്യമാക്കി മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ

രംഗത്ത്. രാജ്യസഭയിലെ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കിയതിന് തൊട്ടുപിന്നാലെ, അരവിന്ദ് കെജ്രിവാൾ നയിക്കുന്ന പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായാണ് ഛദ്ദ പ്രതികരിച്ചത്. തന്നെ പാർലമെൻ്റിൽ സംസാരിക്കുന്നതിൽ നിന്ന് തടയാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വെള്ളിയാഴ്ച എക്സിലൂടെ (X) പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് രാഘവ് ഛദ്ദ തന്റെ അതൃപ്തി വ്യക്തമാക്കിയത്.

പാർലമെന്റിൽ ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് കുറ്റമാണോ എന്ന് അദ്ദേഹം ചോദിച്ചു. “പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കുമ്പോഴെല്ലാം ഞാൻ പൊതുവിഷയങ്ങളാണ് ഉന്നയിക്കാറുള്ളത്. ആരും ചർച്ച ചെയ്യാത്ത വിഷയങ്ങൾ ഞാൻ അവിടെ സംസാരിക്കാറുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങൾ സംസാരിക്കുന്നത് തെറ്റാണോ? ഞാൻ ഇന്ന് ഈ ചോദ്യം ചോദിക്കാൻ കാരണം, രാജ്യസഭയിൽ എന്നെ സംസാരിക്കുന്നതിൽ നിന്ന് തടയാൻ ആം ആദ്മി പാർട്ടി രാജ്യസഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടതിനാലാണ്,” ഛദ്ദ പറഞ്ഞു.ഇന്നലെയാണ് രാഘവ് ഛദ്ദയെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് മാറ്റാൻ എഎപി തീരുമാനിച്ചത്. പഞ്ചാബിൽ നിന്നുള്ള എംപിയായ അശോക് മിത്തലിനെ ഈ സ്ഥാനത്തേക്ക് പാർട്ടി നിർദ്ദേശിക്കുകയും ചെയ്തു.

എന്തുകൊണ്ടാണ് ഒരാൾ എന്നെ സംസാരിക്കുന്നതിൽ നിന്ന് തടയാൻ ആഗ്രഹിക്കുന്നത്? ഞാൻ എപ്പോഴും സാധാരണക്കാരന് (ആം ആദ്മി) വേണ്ടിയാണ് സംസാരിക്കുന്നത്. വിമാനത്താവളങ്ങളിൽ വിൽക്കുന്ന വിലകൂടിയ ഭക്ഷണത്തെക്കുറിച്ച് ഞാൻ സംസാരിച്ചു, ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചു. ഭക്ഷണത്തിലെ മായം ചേർക്കൽ ഞാൻ സഭയിൽ കൊണ്ടുവന്നു. ടോൾ പ്ലാസകളിലെയും ബാങ്കുകളിലെയും കൊള്ളകൾ, നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ, പ്രീ പെയ്ഡ് മൊബൈൽ പ്ലാനുകൾ തുടങ്ങി നിരവധി വിഷയങ്ങൾ രാജ്യസഭയിൽ ഞാൻ ഉന്നയിച്ചു. ഈ ചർച്ചകൾ സാധാരണക്കാർക്ക് സഹായകരമായി, എന്നാൽ ഈ വിഷയങ്ങൾ ആം ആദ്മി പാർട്ടിയെ എങ്ങനെയാണ് ബാധീകരിച്ചത്തിയത്?” എന്ന് അദ്ദേഹം ചോദിച്ചു.

തന്നെ രാജ്യസഭയിൽ നിന്ന് തഴഞ്ഞവർക്കുള്ള കടുത്ത മറുപടിയായി, “എന്നെ നിശബ്ദനാക്കാം, പക്ഷേ പരാജയപ്പെടുത്താനാവില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരുകാലത്ത് അരവിന്ദ് കേജ്രിവാളിൻ്റെ ഏറ്റവും വിശ്വസ്തനായ സഹായിയും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പാർലമെന്റ് അംഗങ്ങളിൽ ഒരാളുമായ രാഘവ് ഛദ്ദയ്ക്ക് പാർട്ടിക്കുള്ളിൽ വലിയ ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ച് പഞ്ചാബിലും ഡൽഹി ഭരണത്തിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു.

എന്നാൽ, ഛദ്ദയെ പാർലമെന്റിൽ സംസാരിക്കുന്നതിൽ നിന്ന് തടഞ്ഞു എന്ന ആരോപണം എഎപി നേതാക്കൾ നിഷേധിച്ചു. പാർട്ടിയിൽ എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകാറുണ്ടെന്നും ഇത് സ്വാഭാവികമായ ജനാധിപത്യ പ്രക്രിയ മാത്രമാണെന്നുമാണ് പുതിയ ഡെപ്യൂട്ടി ലീഡർ അശോക് മിത്തൽ പറഞ്ഞത്. ഭാവിയിൽ രാഘവ് ഛദ്ദയ്ക്ക് രാജ്യസഭയിൽ സംസാരിക്കാൻ സമയം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്യനയക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളും മറ്റ് മുതിർന്ന നേതാക്കളും 2024 മാർച്ചിൽ അറസ്റ്റിലായ സമയത്ത് ഛദ്ദ ചികിത്സയ്ക്കായി വിദേശത്തായിരുന്നു. ഈ സമയത്തെ അദ്ദേഹത്തിന്റെ നീണ്ട മൗനവും പാർട്ടിയുടെ സുപ്രധാന പരിപാടികളിലെ അസാന്നിധ്യവുമാണ് ഭിന്നതയ്ക്ക് കാരണമായതെന്നാണ് സൂചന.

അടുത്തിടെ കേജ്രിവാളിനെയും മനീഷ് സിസോദിയയെയും ഡൽഹി കോടതി വിട്ടയച്ചപ്പോഴും ഛദ്ദ പ്രതികരിച്ചിരുന്നില്ല. സ്വാതി മലിവാളിന് ശേഷം പാർട്ടി നേതൃത്വവുമായി പരസ്യമായി ഇടയുന്ന രണ്ടാമത്തെ രാജ്യസഭാ എംപിയാണ് ഇപ്പോൾ രാഘവ് ഛദ്ദ.

 

Top News from last week.

Latest News

More from this section