‘നിങ്ങൾ ഇവിടെ വടിയും പിടിച്ച് നിൽക്കേണ്ടതില്ല’; മാധ്യമപ്രവർത്തകരോട് കടുപ്പിച്ച് പിണറായി വിജയൻ

ദില്ലി: മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയുമെന്നും നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല എന്നുമാണ് പിണറായി പറഞ്ഞത്. ദില്ലിയിലെ കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത് കേരള ഹൗസിൽ എത്തിയപ്പോൾ ആയിരുന്നു പ്രതികരണം. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മിലെ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയൻ കടുത്ത അതൃപ്തിയിലെന്നാണ് റിപ്പോർട്ട്. പിണറായിയുടെ അതൃപ്തിയിലും ഇപി ജയരാജനും കെകെ ശൈലജയും പികെ ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ്. അതിനിടെ, കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് പിന്തുണ ആവർത്തിച്ച് എംവി ഗോവിന്ദൻ രം​ഗത്തെത്തി. ഇന്ന് എകെ ബാലനും തോമസ് ഐസകും രാഗേഷിൻ്റെ നിലപാടിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇത്തരം വിഷയങ്ങൾ നിലനില്‍ക്കെയാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് ഇത്തരത്തില്‍ പ്രതികരിച്ചത്.

സിപിഎമ്മില്‍ രണ്ടഭിപ്രായമില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മില്‍ രണ്ടഭിപ്രായമില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ. വിഷയത്തിൽ ഇപി ജയരാജൻ എന്ത് പറഞ്ഞു എന്ന് അറിഞ്ഞില്ലെന്നും ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് മാറ്റിയതിൽ ദുരൂഹതയുണ്ട്, ദിവ്യയെ മാറ്റിയത് അദാനിയ്ക്ക് വേണ്ടിയാണ്. വി ഡി സതീശന്‍റെ ബെംഗളൂരു യാത്ര ഇതുമായി കൂട്ടിവായിക്കണം, കെ കെ ശൈലജയും പികെ ശ്രീമതിയും മറിച്ചൊരു അഭിപ്രായം പറഞ്ഞത് തിരുത്തിയിട്ടുണ്ട്. പാർട്ടി വിരുദ്ധമായി അവർ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിൽ അവർ തിരുത്തും. പിണറായിക്കെതിരെ ഒരു പടയൊരുക്കവും പാർട്ടിയിൽ ഇല്ല. ഉണ്ടെങ്കിൽ തന്നെ അത് നടക്കാനും പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Top News from last week.