ഗൂഗിൾ പേ ഇല്ലെന്ന് പറഞ്ഞതിന് ബസ് കണ്ടക്ടറുടെ മൂക്ക് തകർത്തു; യുവാവ് പിടിയിൽ


കണ്ണൂർ: ഗൂഗിൾ പേ ഇല്ലെന്ന് അറിയിച്ചതിന്റെ പേരിൽ ബസ് കണ്ടക്ടറുടെ മൂക്കടിച്ചുതകർത്ത യുവാവ് പോലീസിന്റെ പിടിയിലായി. പാനൂർ വൈദ്യർ പീടിക സ്വദേശിയായ രമീഷാണ് അറസ്റ്റിലായത്. കൂത്തുപറമ്പ് – പാനൂർ റൂട്ടിലോടുന്ന ‘സൺ സ്റ്റാർ’ ബസിലെ കണ്ടക്ടറും തൃക്കണ്ണാപുരം സ്വദേശിയുമായ വി.വി. രാഘവന് (68) ആണ് ക്രൂരമായി മർദനമേറ്റത്.

പാറാലിൽ വെച്ചായിരുന്നു അക്രമം നടന്നത്. യാത്രക്കാരനായ യുവാവ് ഓൺലൈനായി പണം നൽകാൻ ശ്രമിച്ചപ്പോൾ സൗകര്യമില്ലെന്ന് വ്യക്തമാക്കിയതാണ് അക്രമത്തിന് കാരണമായത്. രാഘവനെ തടയാൻ ശ്രമിച്ച ഡ്രൈവർക്കും മറ്റ് യാത്രക്കാർക്കും നേരെ ആക്രമണമുണ്ടായി. സംഭവം നടക്കുമ്പോൾ യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് കൂത്തുപറമ്പ് പോലീസ് അറിയിച്ചു.
മർദനത്തിൽ മൂക്കിന് ഗുരുതരമായി പരിക്കേറ്റ കണ്ടക്ടറെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ കൂത്തുപറമ്പ് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.









