സമരവുമായി യൂത്ത് കോൺഗ്രസ് തെരുവിലേക്കിറങ്ങും, ഇടതു സർക്കാരിനു അവശേഷിക്കുന്നത് 250 ദിവസം മാത്രം

 

തൃശൂർ: സംസ്ഥാനത്ത് മാസങ്ങൾക്കുള്ളിൽ ഭരണമാറ്റം സംഭവിക്കുമെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒജെ ജനീഷ്. പുതിയ സ്ഥാനലബ്ധിക്കു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതികരണം. ഭരണമാറ്റത്തിനു നേതൃത്വം നൽകുന്ന തരത്തിൽ അതിതീവ്ര സമര പരിപാടികൾക്കു യൂത്ത് കോൺഗ്രസ് കേരളത്തിന്റെ തെരുവുകളിൽ നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

‘250 ദിവസം മാത്രമാണ് ഇടതു സർക്കാരിനു ഇനി കേരളത്തിൽ അവശേഷിക്കുന്നത്. ഈ സർക്കാരിനു തുടർച്ച ഉണ്ടാകാതിരിക്കുക എന്നത് ഈ നാട്ടിലെ ജനങ്ങളുടെ ആവശ്യമാണ്. ആ ജനങ്ങളാണ് ഞങ്ങളെ നയിക്കുന്നത്. ആ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം യൂത്ത് കോൺഗ്രസ് മുന്നോട്ടു പോകും. ജനം നേതൃത്വം കൊടുക്കുന്ന സമരത്തിനു യൂത്ത് കോൺഗ്രസും കോൺഗ്രസ് പാർട്ടിയും നേതൃത്വം കൊടുക്കുന്ന ദിവസങ്ങാണ് ഇനി വരാനിരിക്കുന്നത്’- ജനീഷ് പറഞ്ഞു.

 

യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വമാണ് ഒജെ ജനീഷിനെ പുതിയ അധ്യക്ഷനായി പ്രഖ്യാപിച്ചത്. ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡന്റായും തെരഞ്ഞെടുത്തു. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ് ജനീഷ്. കെഎം അഭിജിത്ത്, അബിൻ വർക്കി എന്നിവരെ യൂത്ത് കോൺഗ്രസിന്റെ ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

Top News from last week.