നുഴഞ്ഞുകയറ്റത്തിനെതിരെ ‘സീറോ ടോളറൻസ്’; സുരക്ഷാ വെല്ലുവിളികൾ നേരിടാൻ എഐ ഉപയോഗിക്കണമെന്ന് അമിത് ഷാ


ന്യൂഡൽഹി: രാജ്യത്തേക്കുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ ‘സീറോ ടോളറൻസ്’ സമീപനം സ്വീകരിക്കണമെന്നും കർശന നടപടികൾ ഉറപ്പാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷാ ഏജൻസികൾക്ക് നിർദേശം നൽകി. ന്യൂഡൽഹിയിൽ ഒമ്പതാമത് ദേശീയ സുരക്ഷാ തന്ത്ര സമ്മേളനം-2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ സുരക്ഷാ വെല്ലുവിളികൾ കൂടുതൽ ഫലപ്രദമായി നേരിടുന്നതിനായി മൾട്ടി ഏജൻസി സെന്റർ (MAC) പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ വിവരങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് വിശകലനം ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജറുകൾ (SOP) തയ്യാറാക്കണമെന്നും അമിത് ഷാ നിർദേശിച്ചു.
ഭീകരവാദവും തീവ്രവാദവൽക്കരണവും ഫലപ്രദമായി നേരിടുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘PRAHAAR’ പദ്ധതിയുടെ നടത്തിപ്പിനായി പ്രത്യേക പരിശീലനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതികളെ തിരികെയെത്തിച്ച് വിചാരണ വേഗത്തിലാക്കുക, പ്രതികളുടെ അസാന്നിധ്യത്തിൽ വിചാരണ നടത്താനുള്ള നിയമവ്യവസ്ഥകൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ നടപടികൾ സ്വീകരിക്കണം. യുഎപിഎ കേസുകളുടെ അന്വേഷണത്തിൽ സമഗ്രവും ഏകോപിതവുമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സമ്മേളനത്തിന്റെ ആദ്യദിനത്തിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, MAC മുഖേന രഹസ്യാന്വേഷണ വിവരങ്ങളുടെ ഏകോപനവും വിശകലനവും, ലഹരിമരുന്ന് നിയന്ത്രണം, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തൽ, സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നയരൂപീകരണം, പാകിസ്ഥാന്റെ ‘പ്രോക്സി വാർ’ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.
ഉദ്ഘാടനത്തിന് മുമ്പ് ഇന്റലിജൻസ് ബ്യൂറോയിലെ രക്തസാക്ഷികളായ ഉദ്യോഗസ്ഥരുടെ സ്മരണയ്ക്കായി അമിത് ഷാ രക്തസാക്ഷി സ്തംഭത്തിൽ പുഷ്പചക്രം അർപ്പിച്ചു.
രണ്ടുദിവസത്തെ സമ്മേളനം ഹൈബ്രിഡ് രീതിയിലാണ് നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 850-ലധികം പേർ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാർ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ, കേന്ദ്ര സായുധ പൊലീസ് സേനകളുടെയും കേന്ദ്ര പൊലീസ് സംഘടനകളുടെയും മേധാവികൾ തുടങ്ങിയവർ ഡൽഹിയിൽ നേരിട്ട് പങ്കെടുക്കുന്നു. സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ഡിജിപിമാർ, യുവ പൊലീസ് ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവർ ഓൺലൈനായും പങ്കെടുക്കുന്നുണ്ട്.
സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ ഡ്രോണുകൾ ഉൾപ്പെടെയുള്ള സബ്-ഏരിയൽ സംവിധാനങ്ങളിൽ നിന്നുള്ള ഭീഷണികളും പ്രതിരോധ നടപടികളും, ബ്ലൂ ഇക്കോണമിയുടെ സുരക്ഷ, ഇൻഫർമേഷൻ വാർഫെയറും ദേശീയ സുരക്ഷയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും, ബയോസെക്യൂരിറ്റി ചട്ടക്കൂടിന്റെ ആവശ്യകതയും ചർച്ച ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം 2021 മുതൽ ദേശീയ സുരക്ഷാ തന്ത്ര സമ്മേളനം എല്ലാ വർഷവും ഹൈബ്രിഡ് രീതിയിൽ സംഘടിപ്പിച്ചുവരികയാണ്. താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ അനുഭവപരിചയവും വിവിധ മേഖലകളിലെ വിദഗ്ധരുടെ അറിവും സംയോജിപ്പിച്ച് രാജ്യത്തെ പ്രധാന സുരക്ഷാ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.









