കണ്ണൂർ: ഇസ്രായേലിലെ സിയോണിസ്റ്റും ഇന്ത്യയിലെ ആർ എസ് എസും ഇരട്ടപെറ്റ സഹോദരങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിനീത ദാസനാണ്. ട്രംപ് ഭരണകൂടം ഇന്ത്യൻ പൗരന്മാരെ വിലങ്ങണിയിച്ചു കൊണ്ടുവന്നപ്പോഴോ, വിസ ഫീസ് ഉയർത്തിയപ്പോഴോ അര അക്ഷരം മിണ്ടാൻ മോദി തയ്യാറായില്ല. ആത്മാഭിമാനമുള്ള രാഷ്ട്രമാണെങ്കിൽ ചോര തിളക്കും. എന്നാൽ വിനീത ദാസനായി മാറുന്ന ഭരണാധികാരികളെയാണ് നാം കണ്ടത്. ഇന്ത്യക്ക് നേരെ ട്രംപ് താരീഫ് ഉയർത്തിയപ്പോഴും മോദി പ്രതികരിച്ചില്ലെന്നും പിണറായി കുറ്റപ്പെടുത്തി. തലശ്ശേരിയിൽ നടന്ന കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബിജെപിയുടെ നിലപാട് തന്നെയാണ് കോൺഗ്രസും ഇപ്പോൾ പിന്തുടരുന്നത്. പലസ്തീൻ ലോകത്തിന് മുന്നിലെ വേദനയാണ്. എന്നാൽ ഈ വിഷയത്തിൽ നിലപാട് പറയാൻ കോൺഗ്രസ്സ് തയ്യാറല്ല. ഇന്ത്യയിലെ ഏതെങ്കിലും പ്രധാന കേന്ദ്രത്തിൽ കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചോ എന്നും മുഖ്യമന്ത്രി ചോദിക്കുന്നു. ആഎസ്എസിൻറെ ബി ടീമായി കോൺഗ്രസ് പ്രവർത്തിച്ചു. ഇപ്പോൾ ജനം ബി ടീം വേണ്ട എ ടീം മതി എന്ന നിലപാടെടുത്തു. ആഎസിസിൻറെ ആശയങ്ങലെ എതിക്കാൻ കോൺഗ്രസ് തയ്യാറല്ല. വർഗ്ഗീയ നിലപാടുകളെ വിമർശിക്കാൻ കോൺഗ്രസ് തയ്യാറല്ല.
സംസ്ഥാനത്തെ പുറകോട്ടടിക്കാൻ കേന്ദ്രത്തിൽ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം കേൾക്കാതെയാണ് ജിഎസ് ടി പരിഷ്‌കരണം നടത്തിയത്. ടാക്‌സ് കുറച്ചു എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ പല കമ്പനികളും കുറച്ച ടാക്‌സ് ഉത്പന്നത്തിൽ കൂട്ടി. കേരളത്തിന് 8000 കോടി നഷ്ടം വന്നു. എന്നാൽ സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനം വർധിച്ചു. കേരളം ചെലവിടുന്ന സംഖ്യയിൽ 80 ശതമാനവും സംസ്ഥാനം ഉണ്ടാക്കുന്ന പണമാണ്. കേന്ദ്രം നൽകുന്നത് 20 ശതമാനം മാത്രമാണെന്നും പിണറായി പറഞ്ഞു.









