സതീഷ് കുമാർ വിശാഖപട്ടണം
ഓരോ മനുഷ്യന്റേയും സംസ്‌ക്കാരം രൂപം കൊള്ളുന്നത് കലാലയങ്ങളിൽ നിന്നാണല്ലോ. പഠനവും കുസൃതികളും ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന കുറെ നല്ല അദ്ധ്യാപകരും കൊച്ചുകൊച്ചു പ്രണയങ്ങളും നിറഞ്ഞ കലാലയജീവിതത്തിന്റെ മാധുര്യം ഒന്ന് വേറെ തന്നെയാണ്.
അതുകൊണ്ടാണ് ഓ എൻ വി കുറുപ്പ് എഴുതിയ
‘ഒരുവട്ടം കൂടിയെൻ
ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം …. ‘
എന്ന കലാലയ സ്മരണകളുണർത്തുന്ന ഗാനം ബാല്യകാല സ്മരണകളുടെ ഹൃദയഗീതമായി എന്നും നമ്മൾ മനസ്സിൽ സൂക്ഷിക്കുന്നത്…
കലാലയ ജീവിതത്തിന്റെ മധുരസ്മരണകൾ പങ്കു വെക്കുന്ന ഈ ഗാനത്തിന് സംഗീതം പകർന്നത് എം ബി ശ്രീനിവാസായിരുന്നു.
ഒരുപക്ഷേ എം ബി ശ്രീനിവാസ് എന്ന സംഗീതസംവിധായകനെ കേരളം എന്നും ഓർക്കുക കലാലയ സ്മരണകൾ അയവിറക്കുന്ന ഈ സുന്ദര ഗാനത്തിന്റെ പേരിലായിരിക്കും…
ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ജനിച്ച എം ബി ശ്രീനിവാസൻ തമിഴ് ചിത്രങ്ങളിലൂടെയാണ് ചലച്ചിത്ര സംഗീത ലോകത്ത് എത്തുന്നത്.
അറുപതുകളിൽ പുറത്തിറങ്ങിയ ‘സ്വർഗ്ഗരാജ്യം ‘ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം. എങ്കിലും എം ബി ശ്രീനിവാസ് എന്ന സംഗീത സംവിധായകനെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് ‘കാല്പാടുകൾ ‘എന്ന ചിത്രത്തിൽ ശ്രീനാരായണഗുരുവിന്റെ ‘ജാതിഭേദം മതദ്വേഷം ‘എന്ന ശ്ലോകം യേശുദാസിനെക്കൊണ്ട് ആദ്യമായി പാടിപ്പിച്ച സംഗീതസംവിധായകൻ എന്ന നിലയിലാണ് . മലയാളത്തിലെ ‘പോയറ്റിക് മ്യൂസിക് കമ്പോസർ ‘ എന്ന പേരിലാണ് എം.ബി.എസ്സ് അറിയപ്പെടുന്നത് .
മലയാളി അല്ലാതിരുന്നിട്ടും ഒരോ വരിയുടേയും അർത്ഥം ചോദിച്ചു മനസ്സിലാക്കിയിട്ടായിരുന്നുവത്രേ അദ്ദേഹം ഓരോരോ ഗാനങ്ങൾക്കും സംഗീതം പകർന്നിരുന്നതെന്ന് കേട്ടിട്ടുണ്ട്.
‘ശരദിന്ദു മലർദീപനാളം നീട്ടി …(ഉൾക്കടൽ )
‘താമരത്തുമ്പീ വാ വാ …(പുതിയ ആകാശം പുതിയ ഭൂമി )
‘ ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും … (കടൽ )
‘ ഭരതമുനിയൊരു കളം വരച്ചു … (യവനിക)
‘നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷി … ( മണിവത്തൂരിലെ ആയിരം ശിവരാത്രികൾ )
‘മാറിൽ ചാർത്തിയ മരതകകഞ്ചുകം അഴിഞ്ഞു വീഴുന്നു … ( ഒരു കൊച്ചു സ്വപ്‌നം )
‘ രാഗം ശ്രീരാഗം… (ബന്ധനം ) ‘നളന്ദാ തക്ഷശിലാ …
( വിദ്യാർത്ഥികളെ ഇതിലെ ഇതിലെ ) ‘ചന്ദ്രപളുങ്കു മണിമാല … ( കന്യാകുമാരി )
‘മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു …(മേള)
‘വിവാഹനാളിൽ പൂവണിപ്പന്തൽ …(ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച )
‘എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ …
( ഉൾക്കടൽ )
‘ ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത് … (ഓപ്പോൾ ) എന്നീ കവിത തുളുമ്പുന്ന ഗാനങ്ങളെല്ലാം എം.ബി.എസ്. എന്ന മൂന്നക്ഷരത്തിൽ അറിയപ്പെട്ടിരുന്ന ആന്ധ്രക്കാരനായ ഒരു സംഗീത സംവിധായകന്റേതാണെന്ന് പലർക്കുമറിയില്ല.
1988 മാർച്ച് 9ന് ഒരു സംഗീത പരിപാടിക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് എം.ബി.എസ് ഹൃദയസ്തംഭനം മൂലം നിര്യാതനാകുന്നത്.
ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം. ഒരു ‘ നഷ്ട വസന്തത്തിൻ തപ്ത നിശ്വാസം ‘ പോലെ കടന്നുപോയ സ്വർണ്ണച്ചിറകുള്ള സംഗീത മാന്ത്രികൻ …